ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെ എതിർത്ത് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് പുരോഗമിക്കുന്നു.

ഭാരതീയ കിസാൻ യൂണിയനും മറ്റ് കർഷക സംഘടനകളും ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിൽ ലക്ഷകണക്കിനു കർഷകർ അണിനിരന്നു. രാജ്യമെന്പാടും കർഷക സംഘടനകളുടെ നേതൃത്വത്തിൽ റാലികൾ നടക്കുന്നു.

ഡൽഹി അമൃസർ ദേശീയപാത കർഷകർ ഉപരോധിച്ചു. പലയിടത്തും പ്രതിഷേധക്കാർ ട്രെയിൻ സർവീസ് തടഞ്ഞു. റെയിൽവെ 20 ട്രെയിൻ സർവീസുകൾ റദ്ദാക്കി. പഞ്ചാബിൽ 1,500 ലേറെ കർഷകർ റെയിൽവെ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധം കനത്തു. ഭാരത് ബന്ദിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങളെ ജിഎസ്‌ടി നയം തകർത്തതുപോലെ പുതിയ കാർഷിക ബില്ലുകൾ കാർഷിക മേഖലയെ അടിമുടി തകർക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

Read Also: കാർഷിക ബിൽ ചരിത്രപരം, കോൺഗ്രസ് കർഷകരെ വഴിതെറ്റിക്കുന്നു: നരേന്ദ്ര മോദി

അതേസമയം, കർഷക പ്രക്ഷോഭങ്ങളെയും പാർലമെന്റിൽ പ്രതിപക്ഷ എതിർപ്പിനെയും മറികടന്ന് പാസാക്കിയ കാർഷിക ബിൽ ചരിത്രപരവും അനിവാര്യവുമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. കാർഷിക ബില്ലൊരിക്കലും കർഷക താൽപര്യത്തിന് എതിരല്ലെന്നും പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാര്‍ഷിക മേഖലയിലെ ഈ ചരിത്രപരമായ വലിയൊരു വ്യവസ്ഥയുടെ മാറ്റത്തിന് ശേഷം ചില ആളുകള്‍ക്ക് ഭയത്തിലാണെന്നും മോദി പറഞ്ഞിരുന്നു.

“കൂടുതല്‍ ലാഭം ലഭിക്കുന്നത്തിടത്ത് കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഇതിലൂടെ കഴിയും. ജൂണില്‍ കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ച ശേഷം നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പുതിയ സംവിധാനത്തിന്റെ പ്രതിഫലം നേടികൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അവര്‍ക്ക് 15 മുതല്‍ 25 ശതമാനം വരെ കൂടുതല്‍ വരുമാനം ലഭിച്ചു.” പ്രധാനമന്ത്രി പറഞ്ഞു.

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook