ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷകരുടെ പ്രതിഷേധം അയവില്ലാതെ തുടരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ യാതൊരു ഒത്തുതീർപ്പിനും സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ ആവർത്തിക്കുന്നു. ഡിസംബർ 27 ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്തി’ൽ സംസാരിക്കുമ്പോൾ പാത്രം കൊട്ടി പ്രതിഷേധിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. മോദിയുടെ പ്രസംഗം അവസാനിക്കുന്നതുവരെ എല്ലാ ജനങ്ങളും രാജ്യവ്യാപകമായി വീടുകളിൽ പാത്രം കൊട്ടി പ്രതിഷേധിക്കണമെന്നാണ് ഭാരതീയ കിസാൻ യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന സമരം 26ാം ദിവസം പിന്നിടുമ്പോൾ കർഷകരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ഞായറാഴ്‌ചയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അവരുടെ സൗകര്യത്തിനനുസരിച്ച് തീയതി തിരഞ്ഞെടുക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കോവിഡ് വാക്‌സിനേഷന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

കര്‍ഷക നേതാക്കള്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും. പ്രക്ഷോഭത്തിന് പിന്തുണ തേടി കര്‍ഷക സംഘടനാ നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും. സിംഗുവിലെ പ്രക്ഷോഭ വേദിയില്‍ പതിനൊന്ന് കര്‍ഷക നേതാക്കള്‍ ഏകദിന ഉപവാസമിരിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ റിലേ നിരാഹാരം തുടരാനാണ് തീരുമാനം. അതിനിടെ, ഡല്‍ഹിയിലെ പ്രക്ഷോഭ സ്ഥലത്ത് നിന്ന് മടങ്ങിയ യുവ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പഞ്ചാബ് ബട്ടിന്‍ഡയിലെ വീട്ടില്‍ വിഷം കഴിച്ച നിലയിലായിരുന്നു ഇരുപത്തിരണ്ടുകാരനായ യുവാവിനെ കണ്ടെത്തിയത്.

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച ഉടനുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു. രാത്രിയോടെ കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍, കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കത്ത് അയച്ചു. വിഗ്യാന്‍ ഭവനിലായിരിക്കും ചര്‍ച്ച. ഇക്കാര്യത്തില്‍ കര്‍ഷക സംഘടനകളുടെ നിലപാട് നിര്‍ണായകമാകും. കേന്ദ്ര കൃഷി മന്ത്രാലയം 40 കർഷക സംഘടനകൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ നിയമം പിൻവലിക്കില്ലാതെ സമരം നിർത്തില്ലെന്ന തീരുമാനത്തിലാണ് സംഘടനകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook