കേവദിയ കോളനി: നർമ്മദ നദീ തീരത്ത് ഗുജറാത്ത് സർക്കാർ 3000 കോടിയോളം രൂപ മുടക്കി നിർമ്മിച്ച സ്റ്റാച്യു ഓഫ് യുണിറ്റിക്കെതിരെ കർഷകർ. സർക്കാർ സ്റ്റാച്യു ഓഫ് യുണിറ്റിയുടെ വികസനത്തിനായി കൃഷി ഭൂമി ലക്ഷ്യമിട്ടതോടെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെയെത്തിയപ്പോൾ സമീപ പ്രദേശങ്ങളായ കേവദിയ കോളനിയിലും ഗുരുദേശ്വറിലും ആളുകൾ കടകളടച്ച് പണിമുടക്കി. നഗരത്തിൽ എല്ലായിടത്തും കരിങ്കൊടികൾ ഉയർത്തി. തെരുവുകൾ വിജനമായി മാറി. എന്നാൽ പ്രധാനമന്ത്രി വരുന്നതിന് മുൻപ് തന്നെ പൊലീസ് ഇവിടെയെത്തി എല്ലാ കരിങ്കൊടികളും നീക്കി.

ആദ്യം നർമ്മദ അണക്കെട്ട് പദ്ധതിക്ക് വേണ്ടിയാണ് സംസ്ഥാന സർക്കാർ കൃഷി ഭൂമി ഏറ്റെടുത്തത്. ഇപ്പോൾ സ്റ്റാച്യു ഓഫ് യുണിറ്റിയുടെ വികസനത്തിന് വേണ്ടിയും ഇതേ കർഷകരുടെ ഭൂമിയിലാണ് സർക്കാർ കണ്ണുവച്ചിരിക്കുന്നത്.

സ്റ്റാച്യു ഓഫ് യൂണിറ്റിഭൂമി എടുത്തപ്പോൾ കർഷകരുടെ മക്കൾക്ക് തൊഴിലും ഭൂമിക്ക് വിലയും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് കർഷകരുടെ മക്കളെ തൊഴിലിനായി വിളിപ്പിച്ചത്. ഭൂമിക്ക് വാഗ്ദാനം ചെയ്ത തുകയും ലഭിച്ചില്ല. സ്റ്റാച്യു ഓഫ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്നതിന് ഒരാഴ്ച മുൻപ് ഭൂമിവിട്ടുകൊടുത്തവർക്ക് ഹെക്ടറിന് 7.5 ലക്ഷം രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്തത്. ഇത് സാധിക്കില്ലെങ്കിൽ കൃഷി ചെയ്യാൻ പകരം ഭൂമി നൽകാമെന്നും സർക്കാർ പറഞ്ഞു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ കർഷകർ തയ്യാറായിരുന്നില്ല.

വൻകിട പദ്ധതികൾക്ക് വേണ്ടി തങ്ങളുടെ കൃഷി സ്ഥലം എടുക്കേണ്ടെന്നും, 40-50 കിലോമീറ്റർ ദൂരത്തേക്ക് തങ്ങളെ പറിച്ചുനടേണ്ടെന്നുമാണ് കർഷകർ വ്യക്തമാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook