തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് ബിജെപി വിരുദ്ധ പ്രചാരണവുമായി കർഷകരെത്തുന്നു. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കുമെന്നും ഇതിനായി സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.

“ബിജെപിക്കെതിരെ കര്‍ഷകര്‍, ബിജെപിയെ ശിക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ടായിരിക്കും പ്രചാരണപരിപാടികള്‍. കേരളത്തില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് പ്രത്യേക പ്രചാരണം നടത്തുമെന്നാണ് കര്‍ഷകനേതാക്കള്‍ അറിയിച്ചത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ ബിജെപിക്കെതിരെ പ്രചാരണ പരിപാടികളുണ്ടാകും. മാര്‍ച്ച് 15ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബീര്‍ സിങ് ആലപ്പുഴ കുട്ടനാട്ടിലെ കര്‍ഷക യോഗത്തിനെത്തും.

Read More: ഇന്ന് മുതൽ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിൽ; ഇന്ന്​ വഞ്ചനാദിനം

മാർച്ച് 12ന് പശ്ചിമബംഗാളിൽ നിന്ന് പര്യടനം ആരംഭിക്കും. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണ പരിപാടികള്‍ നടത്തും. ബിജെപിയെ തോൽപ്പിക്കണമെന്നു മാത്രമേ ജനങ്ങളോട് അഭ്യർഥിക്കുകയുള്ളൂവെന്നും ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്കായി വോട്ട് ചോദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

“ഞങ്ങള്‍ ഒരു പാര്‍ട്ടിക്കും വേണ്ടി വോട്ട് ചോദിക്കില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാത്ത ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കും,” സംയുക്ത കിസാന്‍ മോര്‍ച്ച നേതാവായ ബല്‍ബീര്‍ സിങ് രജേവാള്‍ പറഞ്ഞു.

വനിതാദിനമായ മാര്‍ച്ച് എട്ടിന് സമരവേദികള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് സ്ത്രീകളായിരിക്കും. കര്‍ഷകരുടെ പുതിയ തീരുമാനം ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook