ന്യൂഡൽഹി: വിവാദമായ കാർഷിക ബിൽ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് തലസ്ഥാനത്ത് സമരം തുടരുന്ന കർഷകരുമായി കേന്ദ്രം നടത്തിയ ചർച്ച പരാജയപ്പെട്ടു. ഒമ്പതാം തവണയാണ് കേന്ദ്രം കർഷകരുമായി ചർച്ച നടത്തുന്നത്. ജനുവരി 29ന് വീണ്ടും കർഷക പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തും.
പ്രശ്ന പരിഹാരത്തിന് സുപ്രീംകോടതി ഒരു സമിതിയെ നിയോഗിച്ച ശേഷം കേന്ദ്രം കർഷകരുമായി നടത്തുന്ന ആദ്യ ചർച്ചയായിരുന്നു ഇന്നത്തേത്. കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽവേ, വാണിജ്യ, ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ, പഞ്ചാബ് എംപിയായ വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് 40 ഓളം കർഷക യൂണിയനുകളുടെ പ്രതിനിധികളുമായി നാല് മണിക്കൂറോളം ചർച്ച നടത്തിയത്.
മൂന്ന് കാർഷിക നിയമങ്ങളും എംഎസ്പി ഗ്യാരന്റിയും റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്. സുപ്രീം കോടതി രൂപീകരിച്ച കമ്മിറ്റിയുമായി ചർച്ചയ്ക്കില്ലെന്നും കേന്ദ്ര സർക്കാരുമായി മാത്രം സംസാരിക്കുവെന്നുമാണ് കർഷക നിലപാട്.
കർഷക പ്രക്ഷോഭത്തിനു ഇന്നത്തെ ചർച്ചയിലൂടെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് കേന്ദ്ര കാർഷികമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞിരുന്നു. എന്നാൽ, കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. തുറന്ന മനസോടെ കർഷകരുമായി സംസാരിക്കാൻ കേന്ദ്രം തയ്യാറാണെന്ന് കാർഷികമന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെയാണ് സ്റ്റേ. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ സമിതിയുമായി സഹകരിക്കില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.
Read Here: സംസ്ഥാന ബജറ്റ് വാർത്തകൾ, തത്സമയം
സമിതിക്ക് മുന്നിൽ ഹാജരാകാൻ കർഷക യൂണിയനുകൾ വിമുഖത അറിയിച്ചു. കോടതി ഉത്തരവിട്ട ഒരു കമ്മിറ്റി പ്രക്രിയയിലും തങ്ങൾ പങ്കെടുക്കില്ലെന്നാണ് കർഷകരുടെ നിലപാട്. ഒരു സമിതി രൂപീകരിച്ച് വിഷയത്തെ വഴിതെറ്റിക്കാൻ കോടതി ശ്രമിക്കുകയാണെന്ന് കർഷക യൂണിയനുകൾ ആരോപിച്ചു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരും ഈ നിയമങ്ങൾക്കായി സജീവമായി വാദിച്ചവരുമാണ് കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങളെന്നും ഓൾ ഇന്ത്യ കിസാൻ സംഘർഷ് ഏകോപന സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിലെ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കാർഷിക നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കിയത്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിനു ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിൽ പറയുന്നത്. സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍നിന്ന് തങ്ങളെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബഞ്ച് പറഞ്ഞു.