scorecardresearch

കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് സർക്കാർ; ഏഴാം ചർച്ചയും പരാജയം

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരു വിട്ടുവീഴ്‌ചയ്‌ക്കുമില്ലെന്ന് കർഷകർ നിലപാടെടുത്തു. ഇതോടെ ചർച്ച പരാജയമായി

കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് സർക്കാർ; ഏഴാം ചർച്ചയും പരാജയം

ന്യൂഡൽഹി: കേന്ദ്ര സർക്കാരും കർഷക യൂണിയൻ പ്രതിനിധികളും തമ്മിൽ നടത്തിയ ഏഴാം ചർച്ചയും പരാജയപ്പെട്ടു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരു വിട്ടുവീഴ്‌ചയ്‌ക്കുമില്ലെന്ന് കർഷകർ നിലപാടെടുത്തു. ഇതോടെ ചർച്ച പരാജയമായി.

“വിവാദ നിയമങ്ങൾ പിൻവലിക്കുകയാണ് ഞങ്ങളുടെ ആവശ്യം. മറ്റൊരു കമ്മിറ്റിയെ നിയോഗിച്ച് വിവാദ നിയമങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാമെന്ന കേന്ദ്ര നിലപാടിനോട് യോജിപ്പില്ല. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഉപാധിയും ഞങ്ങൾ അംഗീകരിക്കില്ല,” ഭാരതീയ കിസാൻ യൂണിയൻ നേതാവ് വ്യക്തമാക്കി.

അതേസമയം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന്റെ നാൽപ്പതാം ദിവസമാണ് ഇന്ന്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ ആവർത്തിക്കുന്നു. ഡൽഹിയിൽ അതിശെെത്യം തുടരുകയാണ്. കടുത്ത തണുപ്പിനിടയിലും ആയിരങ്ങളാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.

ഇന്ന് നടന്ന ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിൽ ഹരിയാനയിലെ എല്ലാ മാളുകളും പെട്രോൾ പമ്പുകളും അടയ്‌ച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് കർഷക പ്രതിനിധികൾ പറഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും വിളകളുടെ കുറഞ്ഞ താങ്ങു വിലയ്ക്ക് (എംഎസ്‌പി) നിയമപരമായ ഉറപ്പ് വേണമെന്നുമാണ് കർഷകരുടെ പ്രധാന ആവശ്യം.

Read Also: തർക്ക ഭൂമിക്ക് പട്ടയമുണ്ട്; ബോബി ചെമ്മണ്ണൂരിന് സ്ഥലം വിറ്റത് നിയമപ്രകാരമെന്ന് വസന്ത

കർഷക പ്രക്ഷോഭം പുതുവർഷത്തിലേക്ക് നീണ്ടുപോകാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ നടത്തിയെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഒരടി പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. ഇതിനോടകം ആറ് തവണ കർഷക യൂണിയൻ പ്രതിനിധികളും കേന്ദ്ര സർക്കാരും ചർച്ച നടത്തി. ഒരു ചർച്ചയും പൂർണമായി വിജയിച്ചിട്ടില്ല. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാതെ വിട്ടുവീഴ്‌ചയില്ലെന്ന് കർഷകർ നിലപാടെടുത്തു.

ഡിസംബർ 30 നാണ് കർഷക യൂണിയൻ പ്രതിനിധികളും കേന്ദ്രവും തമ്മിൽ അവസാന ചർച്ച നടന്നത്. ഈ ചർച്ചയിൽ കർഷകർ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ ഏകദേശ ധാരണയായെന്നാണ് സൂചന. നാല് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് കർഷകർ കേന്ദ്രത്തിനു മുന്നിൽവച്ചത്. കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക, താങ്ങുവില ഉറപ്പാക്കുമെന്ന് നിയമപരമായ പരിരക്ഷ നൽകുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ. ഇതിൽ വെെദ്യുതി ബിൽ, വെെക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെയുള്ള നടപടി എന്നിവയിലാണ് കേന്ദ്രം വഴങ്ങിയിരിക്കുന്നത്.

പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ വീടുകളിലേക്ക് പറഞ്ഞുവിടണമെന്ന് പ്രതിഷേധക്കാരോട് കൃഷിമന്ത്രി നരേന്ദ്രസിങ് തോമാർ ആവശ്യപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Farmers protest 40th day new delhi narendra modi