scorecardresearch

Latest News

പിന്നോട്ടില്ലെന്ന് കർഷകർ; പ്രക്ഷോഭം 38-ാം ദിവസത്തിലേക്ക്, കടുത്ത നടപടികളിലേക്ക്

ജനുവരി 4 ന് സർക്കാരുമായുള്ള കൂടിക്കാഴ്‌ച പരാജയപ്പെട്ടാൽ, ഹരിയാനയിലെ എല്ലാ മാളുകളും പെട്രോൾ പമ്പുകളും അടയ്ക്കാൻ തീരുമാനം

ന്യൂഡൽഹി: രാജ്യത്ത് കർഷക പ്രക്ഷോഭം തുടരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ. ഡൽഹിയിൽ അതിശെെത്യം തുടരുകയാണ്. കടുത്ത തണുപ്പിനിടയിലും ആയിരങ്ങളാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. കർഷക പ്രക്ഷോഭം 38-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും വിളകളുടെ കുറഞ്ഞ താങ്ങു വിലയ്ക്ക് (എംഎസ്‌പി) നിയമപരമായ ഉറപ്പ് വേണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം തുടരുകയാണ്. ജനുവരി നാലിന് സർക്കാരുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തുമെന്നും അന്നും ചർച്ച പരാജയപ്പെടുകയാണെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് ഇതുവരെ സർക്കാരുമായുള്ള കൂടിക്കാഴ്‌ചകളിൽ ചർച്ച ചെയ്തതെന്ന് കർഷക സംഘടനാ പ്രതിനിധികൾ പറഞ്ഞു. “ജനുവരി 4 ന് സർക്കാരുമായുള്ള കൂടിക്കാഴ്‌ച പരാജയപ്പെട്ടാൽ, ഹരിയാനയിലെ എല്ലാ മാളുകളും പെട്രോൾ പമ്പുകളും അടയ്ക്കുന്നതിനുള്ള തീയതികൾ ഞങ്ങൾ പ്രഖ്യാപിക്കും,”കർഷക നേതാവ് വികാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read Also: കോവിഡ് വാക്‌സിൻ വിതരണം: സംസ്ഥാനത്ത് ഇന്ന് റിഹേഴ്‌സൽ, ഡ്രൈറണ്ണിന് ആരോഗ്യമന്ത്രിയും

കർഷക പ്രക്ഷോഭം പുതുവർഷത്തിലേക്ക് നീണ്ടുപോകാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ നടത്തിയെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഒരടി പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. ഇതിനോടകം ആറ് തവണ കർഷക യൂണിയൻ പ്രതിനിധികളും കേന്ദ്ര സർക്കാരും ചർച്ച നടത്തി. ഒരു ചർച്ചയും പൂർണമായി വിജയിച്ചിട്ടില്ല. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാതെ വിട്ടുവീഴ്‌ചയില്ലെന്ന് കർഷകർ നിലപാടെടുത്തു.

ഡിസംബർ 30 നാണ് കർഷക യൂണിയൻ പ്രതിനിധികളും കേന്ദ്രവും തമ്മിൽ അവസാന ചർച്ച നടന്നത്. ഈ ചർച്ചയിൽ കർഷകർ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ ഏകദേശ ധാരണയായെന്നാണ് സൂചന. നാല് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് കർഷകർ കേന്ദ്രത്തിനു മുന്നിൽവച്ചത്. കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക, താങ്ങുവില ഉറപ്പാക്കുമെന്ന് നിയമപരമായ പരിരക്ഷ നൽകുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ. ഇതിൽ വെെദ്യുതി ബിൽ, വെെക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെയുള്ള നടപടി എന്നിവയിലാണ് കേന്ദ്രം വഴങ്ങിയിരിക്കുന്നത്.

കർഷകരുമായി ചർച്ച തുടരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത ചർച്ച ജനുവരി നാലിന് നടക്കും. പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ വീടുകളിലേക്ക് പറഞ്ഞുവിടണമെന്ന് പ്രതിഷേധക്കാരോട് കൃഷിമന്ത്രി നരേന്ദ്രസിങ് തോമാർ ആവശ്യപ്പെട്ടിരുന്നു.

അടുത്ത ചർച്ചയിൽ കാർഷിക നിയമങ്ങളായിരിക്കും പ്രധാന വിഷയം. മൂന്ന് കാർഷിക നിയമങ്ങളിൽ എന്തെല്ലാം നീക്കുപോക്കുകൾ കൊണ്ടുവരാൻ സാധിക്കുമെന്ന് കേന്ദ്രം ആലോചിക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം ഒരുക്കമല്ല. അതിനാൽ കർഷകരുടെ പ്രതിഷേധം തുടരാനാണ് സാധ്യത. വിവാദ നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Farmers protest 38th day delhi protest narendra modi