ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളെ പിന്തുണച്ച് വീണ്ടും കേന്ദ്രം. കാർഷിക നിയമങ്ങളിൽ ഒരു പ്രശ്‌നവും ഇല്ലെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമാർ ആവർത്തിച്ചു. കേന്ദ്ര സർക്കാരും കർഷക സംഘടന പ്രതിനിധികളും തമ്മിൽ നടന്ന 11-ാം ചർച്ചയും പരാജയം. സമവായത്തിലെത്താൻ ഇരു കൂട്ടർക്കും സാധിച്ചില്ല.

“കൃഷിക്കാർക്കായി കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും കർഷകരോടുള്ള ആദരവിന്റെ അടയാളമായാണ് കേന്ദ്ര സർക്കാർ ഈ നിയമങ്ങളെ തൽക്കാലം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചത്. കർഷകർക്ക് വേണമെന്നുണ്ടെങ്കിൽ ഇനിയുമൊരു ചർച്ചയ്‌ക്ക് കേന്ദ്രം തയ്യാറാണ്,”നരേന്ദ്രസിങ് തോമാർ പറഞ്ഞു.

Read Also: വീണ്ടും ജനിതകമാറ്റം വന്ന വൈറസ് ബാധ സ്ഥീരികരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11ന് മുകളിൽ

“കേന്ദ്ര സർക്കാരുമായുള്ള 11-ാം വട്ട ചർച്ച അഞ്ച് മണിക്കൂറോളം നീണ്ടുനിന്നെങ്കിലും ഇരുപക്ഷവും 30 മിനിറ്റോളം മാത്രമാണ് തമ്മിൽ സംസാരിച്ചതെന്ന് കർഷക സംഘടന പ്രതിനിധികൾ ആരോപിച്ചു. “മൂന്നര മണിക്കൂറോളം മന്ത്രിക്കായി കാത്തിരിക്കേണ്ടി വന്നു. ഇത് കർഷകരെ അപമാനിക്കുന്നതിനു തുല്യമാണ്. ചർച്ചയ്‌ക്കായി എത്തിയ മന്ത്രി സർക്കാരിന്റെ നിർദേശങ്ങൾ അംഗീകരിക്കണമെന്ന് ഞങ്ങളോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ശേഷം, യോഗം അവസാനിക്കുകയാണെന്ന് ഞങ്ങളോട് പറഞ്ഞു,” കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റിയിലെ എസ്.എസ്.പാന്ധർ പറഞ്ഞു. പ്രക്ഷോഭം സമാധാനപരമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുമായി ഇനി വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നിയമങ്ങൾ ഒന്നരവർഷം നടപ്പിലാക്കില്ലെന്ന വിട്ടുവീഴ്‌ചയ്‌ക്കപ്പുറം ഇനിയും കർഷകർക്കായി വഴങ്ങാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അടുത്ത ചർച്ചയ്‌ക്കുള്ള തിയതി തീരുമാനിച്ചിട്ടില്ല. നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ പ്രക്ഷോഭം അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook