മുംബൈ: മഹാരാഷ്ട്രയെയും മുംബൈയെയും മുൾമുനയിൽ നിർത്തി കർഷക സമരം പിന്‍വലിച്ചു. സമരം ഒത്തുതീർക്കാനുളള ചർച്ചകൾക്കായി കർഷക പ്രതിനിധികൾ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട്‌ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് തീരുമാനമായത്. കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം പരിഹരിക്കും എന്ന ഉറപ്പിനെ തുടര്‍ന്നാണ്‌ സമരം അവസാനിപ്പിച്ചത്.

വനാവകാശ നിയമം ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കും, ആദിവാസികളുടെ ഭൂമി പ്രശ്നങ്ങളില്‍ പരിഹാരം കാണും, റേഷന്‍ കാര്‍ഡുകളുമായ് ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ആറുമാസത്തിനുള്ളില്‍ പരിഹാരം കാണും എന്നീ കാര്യത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉറപ്പുനല്കിയിര്‍ത്ടുണ്ട്.
നേരത്തെ കർഷകരുടെ 90 ശതമാനം ആവശ്യങ്ങൾക്കും പരിഹാരം കാണുമെന്നും, ഉറപ്പുകൾ എഴുതി നൽകുമെന്നും മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ ഉറപ്പുനല്‍കിയിരുന്നു. “കർഷകരുടെ ആവശ്യങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. അവരുമായി ചർച്ച ചെയ്ത് 80-90 ശതമാനം ആവശ്യങ്ങൾക്കും പരിഹാരം ഉണ്ടാക്കും. അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

മാർച്ച് ആസാദ് മൈതാനത്ത് നിന്ന് മഹാരാഷ്ട്ര നിയമസഭയിലേക്ക് പുറപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊളളാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കര്‍ഷക കടം എഴുതി തള്ളുക, കൃഷി ചെയ്യുന്നതായ വനഭൂമിയുടെ അവകാശം കര്‍ഷകര്‍ക്ക് കൈമാറുക, സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുക, കൊടുങ്കാറ്റ് ദുരിതം വിതച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപ വീതം നല്‍കുക, സംസ്ഥാനത്തിന്‍റെ ജലസ്രോതസ് ഗുജറാത്തിന് നല്‍കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്.

ഇന്ന് പുലർച്ചെയാണ് ആറ് ദിവസത്തെ കാൽനട യാത്രക്ക് ശേഷം അഖിലേന്ത്യ കിസാൻ സഭയുടെ പതിനായിരക്കണക്കിന് വരുന്ന കർഷകർ മുംബൈയിലെ ആസാദ് മൈതാനത്ത് എത്തിയത്. നിയമസഭയിലേക്ക് കാൽനടയായി എത്തുന്ന കർഷകരുടെ 12 അംഗ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി കൂടിക്കാഴ്ച നടത്തിയത്.

ഉച്ചയ്ക്ക് രണ്ട് മണിക്കാവും കർഷകരുടെ പ്രതിനിധി സംഘം 20 ഇന ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെ സമീപിച്ചത്. ഇന്നലെ രാത്രി വിശ്രമിക്കാതെയാണ് കർഷകർ ആസാദ് മൈതാനത്തേക്ക് നടന്നത്. ഇന്ന് എസ്എസ്‌സി പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനാൽ ഗതാഗത തടസം ഒഴിവാക്കാനായിരുന്നു കർഷകർ ഇന്നലെ രാത്രി വിശ്രമിക്കാതെ ആസാദ് മൈതാനത്തേക്ക് നടന്നത്.

Read More : കര്‍ഷക പ്രക്ഷോഭം ചിത്രങ്ങളിലൂടെ

അതേസമയം ഇതുവരെ മുംബൈയിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ട്രാഫിക് കമ്മിഷണർ ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്. ഊഹാപോഹങ്ങൾക്ക് കീഴ്‌പ്പെടരുതെന്നും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ട്രാഫിക് പൊലീസിനെയോ കൺട്രോൾ റൂമിനെയോ ബന്ധപ്പെടണമെന്നാണ് ട്രാഫിക് പൊലീസ് അറിയിച്ചിരിക്കുന്നത്.

പുലർച്ചെ അഞ്ച് മണിയോടെ ഇവർ മൈതാനത്ത് എത്തി. വഴിയിലുടനീളം വൻ ജനപിന്തുണ നേടിയാണ് കർഷകരുടെ സമരം മുന്നേറിയത്. അതേസമയം ഇന്ന് വരെ നിയമസഭയിലേക്ക് കർഷകരെ മാർച്ച് ചെയ്യാൻ അനുവദിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

“പ്രതിഷേധിക്കുന്നവരുടെ എണ്ണം ഇനിയും കൂടാനിടയുണ്ട്. ഈ സാഹചര്യത്തിൽ നിയമസഭയിലേക്ക് മാർച്ച് അനുവദിക്കാനാവില്ല. കർഷകരുടെ പ്രതിനിധി സംഘത്തെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കും,” ഒരു ഐപിഎസ് ഓഫീസർ വ്യക്തമാക്കി.

അതിശയിപ്പിക്കുന്ന വിധം സമാധാനം പാലിച്ച് മുന്നേറിയ സമരക്കാർ അക്രമം നടത്തില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ് ഉളളത്. ഇന്ന് പുലർച്ചെ ഡ്യൂട്ടിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്ന പൊലീസുകാർക്ക് കർഷകർ രാത്രി പദ്ധതി മാറ്റിയതോടെ വിശ്രമിക്കാൻ സമയം ലഭിക്കാതെ ജോലി ചെയ്യേണ്ടി വന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ