മുംബൈ: കടം എഴുതിതള്ളണം എന്ന ആവശ്യമുയര്‍ത്തി മുപ്പതിനായിരത്തോളം കര്‍ഷകര്‍ അണിനിരക്കുന്ന കര്‍ഷക മാര്‍ച്ച് സംസ്ഥാന നിയമസഭയിലേക്ക്. സിപിഎമ്മിന്‍റെ വര്‍ഗബഹുജന സംഘടനയായ അഖിലേന്ത്യാ ഭാരതീയ കിസാന്‍ സഭയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഞായറാഴ്ച്ചയോടെ മുംബൈയില്‍ എത്തിച്ചേരും.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ വെള്ളിയാഴ്ചയോടെ താനെ ജില്ലയിലെത്തി. പല്‍ഘര്‍ ജില്ലയില്‍ നിന്നുമുള്ള അയ്യായിരത്തിന് മുകളില്‍ പേരാണ് അവിടെ വച്ച് റാലിയോടൊപ്പം ചേര്‍ന്നത്. മാര്‍ച്ച് 2016ന് കര്‍ഷക പ്രതിഷേധം അരങ്ങേറിയ നാസിക്കിലെ സിബിഎസ് ചൗക്കില്‍ നിന്നുമാണ് ചൊവ്വാഴ്ച ജാഥ ആരംഭിച്ചത്. ദിവസേന മുപ്പത്തിയഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചുകൊണ്ടാണ് ജാഥ മുന്നോട്ടുപോകുന്നത്.

കര്‍ഷക കടം എഴുതി തള്ളുക, കൃഷി ചെയ്യുന്നതായ വനഭൂമിയുടെ അവകാശം കര്‍ഷകര്‍ക്ക് കൈമാറുക, സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുക, കൊടുങ്കാറ്റ് ദുരിതം വിതച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപ വീതം നല്‍കുക, സംസ്ഥാനത്തിന്‍റെ ജലസ്രോതസ് ഗുജറാത്തിന് നല്‍കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. യുവാക്കള്‍ക്കും മദ്ധ്യവയസ്കര്‍ക്കും പുറമേ ഒട്ടേറെ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും ജാഥയില്‍ അണിനിരക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഭാരത്‌ കി കിസാന്‍ പാര്‍ട്ടി, സിപിഐ എന്നിവരും കര്‍ഷക ജാഥയ്ക്ക് പിന്തുണയുമായുണ്ട്. മുംബൈ എത്തുമ്പോഴേക്കും ജാഥയില്‍ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ഉണ്ടാകും എന്നാണ് കര്‍ഷകസംഘം നേതാക്കള്‍ അവകാശപ്പെടുന്നത്.

” ഞങ്ങള്‍ക്ക് ഇനിയും പ്രസ്താവനകള്‍ വേണ്ട. നടപ്പിലാക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തിക്കാനായി ആവശ്യത്തിന് സമയം നല്‍കിയതാണ്. ഇനി ഞങ്ങളുടെ പ്രശ്നം തീര്‍ന്നിട്ട് മാത്രമേ ഞങ്ങള്‍ അസംബ്ലി പരിസരത്ത് നിന്നും പോവുകയുള്ളൂ.” വരുന്ന ദിവസങ്ങളില്‍ ഒട്ടനവധി കര്‍ഷകര്‍ സമരത്തിന്‍റെ ഭാഗമാവും എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് കിസാന്‍ സഭയുടെ സംസ്ഥാന സെക്രട്ടറി അജിത്‌ നവാലെ പറഞ്ഞു.

സംസ്ഥാനം 2006ലെ വനാവകാശ നിയമം നടപ്പിലാക്കുന്ന നടപടി വേഗത്തിലാക്കണം എന്നാണു കല്‍വാന്‍ മണ്ഡലത്തില്‍ നിന്നുമുള്ള സിപിഎം എംഎല്‍എ ജെപി ഗവിറ്റ് പറഞ്ഞത്. ” 2006ല്‍ പാസാവുകയും 2008ല്‍ നിയമമാവുകയും ചെയ്തിട്ടുണ്ട് എങ്കിലും ഇതുവരേക്കും അതിനെ കൃത്യമായ് നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ആയിട്ടില്ല. ഇതുവരേക്കും അഞ്ച് മുതല്‍ പത്ത് വരെ ഗുന്ത (12 മുതല്‍ 24 സെന്റ്) ഭൂമിയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. അത് ഒന്നും തന്നെയല്ല. കര്‍ഷകര്‍ക്ക് ഇനിയും ഇതിനെ കുറിച്ച് ഒന്നും ചെയ്യാനില്ല. പതിറ്റാണ്ടുകളായി കര്‍ഷകര്‍ ഉഴുതുന്ന ഭൂമിയുടെ അവകാശം അവര്‍ക്ക് തന്നെ നല്‍കണം എന്നാണു ഞങ്ങളുടെ ആവശ്യം. അത് അഞ്ചോ ഏഴോ പത്തോ ഏക്കര്‍ ആയിക്കൊള്ളട്ടെ. ” ഗവിറ്റ് പറഞ്ഞു.

സംസ്ഥാനത്തെ നദീജലം ഗുജറാത്തുമായ് പങ്കുവെക്കാനുള്ള എല്ലാ നടപടിയും തങ്ങള്‍ തടയുമെന്നും ഗവിറ്റ് പറഞ്ഞു. ” ഗുജറാത്തിന് ജലം നല്‍കുന്നതിന് പകരം ആ ജലം സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത്.” അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ഷക റാലിയെ കുറിച്ച് തെറ്റായ കണക്കുകള്‍ ആണ് മഹാരാഷ്ട്രാ പൊലീസ് നല്‍കുന്നത്. ഇരുപതിനായിരത്തില്‍ കൂടുതല്‍ ആളുകള്‍ താനെയില്‍ എത്തിയിട്ടില്ല എന്ന് പറഞ്ഞ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുംബൈയില്‍ എത്തുമ്പോഴേക്കും അത് ഇരട്ടിച്ചേക്കും എന്നും പറഞ്ഞു. എന്നിരുന്നാലും അമ്പത് മുതല്‍ അറുപതിനായിരം പ്രതിഷേധക്കാരെ മാത്രമാണ് മുംബൈയില്‍ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കൃത്രിമ കണക്കുകള്‍ പുറത്തുവിടുകയാണ് എന്നാണ് പൊലീസ് ഭാഷ്യം. ” സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സന്ദേശം വ്യാപിപ്പിക്കുകയും കൂടുതല്‍ പേരോട് എത്തിച്ചേരാന്‍ ആഹ്വാനം ചെയ്യുകയുമാണ്.” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

” ഒരു ലക്ഷത്തോളം കര്‍ഷകര്‍ റാലിയില്‍ പങ്കുചേരും എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത് എങ്കിലും അറുപതിനായിരം കടക്കില്ല എന്നാണ് ഞങ്ങളുടെ കണക്ക്” പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നിരുന്നാലും ആയിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷക റാലിയെ കുറിച്ചുള്ള സന്ദേഹവും പൊലീസ് പങ്കുവച്ചു. “നിയമാനുസൃതമായും സമാധാനപരമായും പ്രതിഷേധിക്കുക എന്നത് എല്ലാ പൗരന്‍റെയും ജനാധിപത്യപരമായ അവകാശമാണ്. മുംബൈ നഗരത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന ജോയിന്‍റ് കമ്മീഷണര്‍ ദേവന്‍ ഭാര്‍തി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ