മുംബൈ: കര്‍ഷകരുടെ കടം എഴുതിതളളൽ ശാശ്വത പരിഹാരമല്ലെന്ന് ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവത്. ദുരിതാശ്വാസം നല്‍കുന്നതോടൊപ്പം കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ക്രിയാത്മകമായ നടപടികള്‍ വേണമെന്നാണ് ആര്‍എസ്എസ് മുഖ്യന്‍ അഭിപ്രായപ്പെട്ടത്. മുംബൈയില്‍ നടന്ന പരിപാടിയില്‍ കര്‍ഷകരുടെ മുതല്‍മുടക്ക് കുറയ്ക്കുവാനുള്ള നടപടികളില്‍ ഊന്നിക്കൊണ്ടായിരുന്നു ആര്‍എസ്എസ് മുഖ്യന്‍റെ പ്രസംഗം.

“കര്‍ഷകരെ സ്വാശ്രയരാക്കുക എന്നതിന് കര്‍ഷകരുടെ കടം എഴുതി തള്ളുക എന്നത് ശാശ്വതമായൊരു പരിഹാരമല്ല. കര്‍ഷകര്‍ക്ക് കൂടുതല്‍ വേതനം ലഭിക്കുന്നത്തിനും ചെലവ് കുറക്കുന്നതിനുമുളള നടപടികളാണ് കൊണ്ടുവരേണ്ടത്.” മോഹന്‍ ഭാഗവത് പറഞ്ഞു.

മഹാരാഷ്ട്രയിലടക്കം പല സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ച കര്‍ഷക കടം എഴുതിതള്ളല്‍ നടപടിയുടെ പാശ്ചാത്തലത്തിലാണ് ആര്‍എസ്എസ് മുഖ്യന്‍റെ അഭിപ്രായപ്രകടനം. മുതല്‍മുടക്കും ലാഭവും തമ്മിലുള്ള അന്തരമാണ് കാര്‍ഷിക പ്രതിസന്ധിയില്‍ കാതലായ വിഷയമെന്നും ഭാഗവത് പറഞ്ഞു.

കാര്‍ഷിക മുതല്‍മുടക്കില്‍ സംഭവിച്ചിട്ടുള്ള വർധനവ് എങ്ങനെയാണ് കര്‍ഷകന് അധികഭാരമാവുന്നതെന്നും മോഹന്‍ ഭഗവത് ചൂണ്ടിക്കാട്ടി. സുസ്ഥിരമായ കാര്‍ഷിക വികസനത്തിനും കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നത്തിനും വ്യവസായങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ