scorecardresearch
Latest News

പോരാട്ടം അവസാനിച്ചു, സൗഹൃദം തുടരും; സിംഗുവിനോട് യാത്ര പറഞ്ഞ് കര്‍ഷകര്‍

എല്ലാവരും പോകാൻ തയ്യാറെടുത്തപ്പോള്‍ ചില കര്‍ഷകര്‍ യാത്ര പറയുന്നതിനായി മാത്രം സിംഗുവിലെത്തിയതും വികാരനിര്‍ഭരമായ കാഴ്ചയായി

Farmers Protest

ന്യൂഡല്‍ഹി: ഒരു വര്‍ഷം നീണ്ട സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ കര്‍ഷകര്‍ സമര ഭൂമിയില്‍ നിന്ന് മടങ്ങുകയാണ്. സിംഗു അതിര്‍ത്തിയിലെ താവളങ്ങളില്‍ നിന്ന് ജന്മനാട്ടിലേക്ക് മടങ്ങാനുള്ള കര്‍ഷക കുടുംബങ്ങളുടെ തയാറെടുപ്പുകള്‍ വികാരഭരിതമായിരുന്നു.

2020 നവംബറിൽ ജിടി കർണാൽ റോഡിൽ ഹരിയാനയുമായുള്ള ഡൽഹിയുടെ അതിർത്തിയിൽ സമരത്തിനായി എത്തിയവര്‍ താത്ക്കാലിക വീടുകൾ സ്ഥാപിച്ചു. മാറിമറിയുന്ന കാലാവസ്ഥയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അവര്‍ ഒരുക്കി.

തന്റെ സഹഗ്രാമീണരെ സഹായിക്കുന്ന തിരക്കിലായിരുന്നു 61 കാരനായ പ്രീത്പാല്‍ സിങ്. കുടിലുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച മുളകള്‍ ട്രോളിയിൽ കയറ്റുകയായിരുന്നു പ്രീത്പാല്‍. “വീട്ടില്‍ വന്നിട്ട് വളരെക്കാലത്തിന് ശേഷം അവര്‍ മടങ്ങുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലെ ഗ്രാമത്തിലേക്ക് അവർ പോകും,” പ്രീത്പാല്‍ പറഞ്ഞു.

“ഈ വേനൽക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ള സമരക്കാര്‍ക്ക് കുടിൽ പണിതിരുന്നു. കുടിലുകളുടെ സാമഗ്രികൾ ഇവിടെ ഉപേക്ഷിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ അങ്ങനെ ചെയ്യരുതെന്ന് ഞങ്ങളുടെ വീട്ടുകാർ പറഞ്ഞു. അതിനാൽ ഈ സാമഗ്രികളെല്ലാം ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോകാനും അവിടെ കുടിൽ പുനർനിർമ്മിക്കാനും പ്രതിഷേധത്തിന്റെ ഫോട്ടോകൾ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു. ഈ ചരിത്രസമരത്തില്‍ നമ്മൾ എങ്ങനെ ജീവിച്ചുവെന്നും സമരം ചെയ്തുവെന്നും യുവതലമുറയ്ക്ക് കാണാൻ കഴിയും. ഞങ്ങളുടെ ഗുരുദ്വാരയിൽ നല്ലൊരു പാർക്കുണ്ട്, അവിടെ സ്ഥാപിക്കാനാണ് പദ്ധതി,” അദ്ദേഹം പറഞ്ഞു.

ഏകദേശം മൂന്ന് മാസം മുന്‍പ്, പട്യാലയിലെ ഇച്ചേവൽ ഗ്രാമത്തിൽ നിന്നുള്ള പ്രതിഷേധക്കാർ ഹൈവേയിലെ ഡിവൈഡറിൽ മെറ്റൽ ഫ്രെയിമുകളുള്ള രണ്ട് വീടുകൾ നിർമ്മിച്ചിരുന്നു. അവര്‍ വെള്ളിയാഴ്ച അത് പൊളിക്കുന്നതിന്റെ തിരക്കിലായിരുന്നു.

“എല്ലാ സാധനങ്ങളും വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് നാട്ടില്‍ നിന്ന് ട്രോളി വന്നിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് കിട്ടാവുന്ന എല്ലാ മെറ്റലുകളും ഞങ്ങള്‍ സ്വരൂപിച്ചിരുന്നു. അതിനാൽ എല്ലാ സാധനങ്ങളും ഗുരുദ്വാരയ്ക്ക് നല്‍കും,” ​​ജാസ്മർ സിങ് പറഞ്ഞു.

ആയിരക്കണക്കിന് കർഷകർ തങ്ങളുടെ സാധനങ്ങൾ കൊണ്ടു പോകാനായി തയാറാക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ സമരഭൂമില്‍ ഭക്ഷണം പാകം ചെയ്യുന്നവര്‍ എല്ലാവര്‍ക്കും പോകുന്ന വഴിയില്‍ കഴിക്കാനുള്ളത് തയാറാക്കുന്ന തിരക്കിലായിരുന്നു.

കർണാലിൽ നിന്നുള്ള സതീന്ദർ സിങ് ഉൾപ്പെടെയുള്ള ഒരു സംഘം കഴിഞ്ഞ വർഷം മുതൽ മക്കി കി റൊട്ടിയും സാർസൺ കാ സാഗും തയ്യാറാക്കി വിതരണം ചെയ്യുന്നവരാണ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അവരും എല്ലാ സാധനങ്ങളും എടുത്തു വച്ചു.

“ഞങ്ങൾ ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം പുറപ്പെടും, നാളെ ഉച്ചയ്ക്ക് കർണാലിൽ ഒരു അടുക്കള ഒരുക്കണം. നാളെ (ശനിയാഴ്ച) രാവിലെ ഇവിടെ നിന്ന് പുറപ്പെടുന്ന കർഷകർ ഉച്ചയോടെ കർണാലിലെത്തും. അവിടെ വച്ച് ഉച്ചഭക്ഷണം കഴിക്കാം,” അദ്ദേഹം പറഞ്ഞു.

തരൺ തരണിലെ ദേരാ ബാബ ജഗ്താർ സിങ്ങിൽ നിന്നുള്ള സേവകരാണ് സിംഗുവിലെ ഏറ്റവും വലിയ അടുക്കളകളില്‍ ഒന്ന് നടത്തുന്നത്. ഹരിയാനയിലെ ഷഹാബാദിൽ വീട്ടിലേക്ക് മടങ്ങുന്ന കർഷകർക്കായി വെള്ളിയാഴ്ച മറ്റൊരു അടുക്കളയും അവര്‍ സ്ഥാപിച്ചു. “അവര്‍ക്ക് ചുറ്റും നില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാൽ പുറപ്പെടുന്ന പ്രതിഷേധക്കാർക്ക് ഭക്ഷണം നല്‍കാന്‍ കഴിയും. അതിന് ശേഷം ഞങ്ങൾ എല്ലാം വൃത്തിയാക്കും. ആദ്യം വന്നപ്പോള്‍ സ്ഥലം എങ്ങനെയിരുന്നോ അത്തരത്തിലാക്കിയിട്ടാകും മടക്കം,” ഹർബൻസ് സിങ് പറഞ്ഞു.

എല്ലാവരും പോകാൻ തയ്യാറെടുത്തപ്പോള്‍ ചിലർ യാത്ര പറയുന്നതിനായി മാത്രം സിംഗുവിലെത്തി. ഗൊഹാനയിലെ ബറോഡ ഗ്രാമത്തിൽ നിന്നെത്തിയ ജഗദീഷ് ധില്ലനും സംഘവും സമരക്കാർക്ക് പാലും ലസ്സിയും നൽകി. “പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഞങ്ങൾക്ക് ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. അവരെ അവസാനമായി ഒരു തവണ സഹായിക്കാനും യാത്ര പറയാനുമാണ് ഞങ്ങള്‍ എത്തിയത്,” അദ്ദേഹം പറഞ്ഞു.

Also Read: ഹെലികോപ്റ്റര്‍ ദുരന്തം: പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം വൈകിട്ട്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Farmers leave today curtains on an emotional journey of protesters