ബെംഗളൂരു: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിക്കമംഗളൂരുവില്‍ അഞ്ച് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടേയും പ്രചാരണങ്ങളാണ് ബിജെപിയ്ക്ക് തുണയായത്. ജില്ലയില്‍ ഇരുവരും നടത്തിയ തിരഞ്ഞെടുപ്പ് റാലികളിലേക്ക് ജനപ്രവാഹമാണ് ഒഴുകിയെത്തിയത്. കൂടാതെ പ്രാദേശിക നേതാക്കളുടെ പ്രവര്‍ത്തനങ്ങളും ബിജെപിക്ക് വോട്ട് കൂട്ടി.
പ്രധാനമന്ത്രിയുടേയും അമിത് ഷായുടേയും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ബി.എസ്.യെഡിയൂരപ്പയുടേയും പേരിലായിരുന്നു പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തനം നടത്തിയത്. കൂടാതെ മൂവരുടേയും വന്‍ കട്ടൗട്ടുകളും ഫ്ലക്സുകളും നഗരത്തിലും ഗ്രാമങ്ങളിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉയരുകയും ചെയ്തു. തിരഞ്ഞെടുപ്പിന് രണ്ട് മാസത്തിന് ശേഷം ഈ കട്ടൗട്ടുകള്‍ക്ക് എന്തു സംഭവിച്ചു എന്ന സംശയമുണ്ടെങ്കില്‍ ചിക്കമംഗളൂരുവിലെ കൃഷിയിടങ്ങളിലേക്ക് പോയാല്‍ മതി.
ജില്ലയില്‍ പലയിടത്തും കാക്കകളേയും പക്ഷികളേയും അകറ്റാനായി നോക്കുകുത്തികളായാണ് കട്ടൗട്ടുകള്‍ ഉപയോഗിക്കുന്നത്. ലക്കവള്ളി ഹൊബ്ലിയിലാണ് കൂടുതലായും നേതാക്കളുടെ കട്ടൗട്ടുകള്‍ ഉപയോഗിക്കുന്നത്. ഇത്തവണ നല്ല മഴ ലഭിച്ചത് കൊണ്ട് തന്നെ വിതയ്ക്കല്‍ നേരത്തേ പൂര്‍ത്തിയായിട്ടുണ്ട്. വിതയ്ക്കലിന് ശേഷമാണ് പക്ഷികളുടെ ശല്യം ഇല്ലാതിരിക്കാന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചത്.
എന്നാല്‍ ബിജെപിയുടെ മാത്രം കട്ടൗട്ടുകളല്ല ഇത്തരത്തില്‍ സ്ഥാപിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കട്ടൗട്ടുകളുടെ പട്ടികയും മറ്റ് ഭാഗങ്ങളും വിറകിനായും മറ്റും ഉപയോഗിച്ചതായും ഒരു കര്‍ഷകന്‍ പറഞ്ഞു. ജില്ലയില്‍ പലയിടത്തും പല നേതാക്കളുടേയും കട്ടൗട്ടുകളാണ് ഇപ്പോള്‍ കാക്കകളെ ഓടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.