ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ വായ്പ എഴുതിത്തളളുന്നതിന്റ പേരില്‍ കര്‍ഷകര്‍ക്ക് പരിഹാസം. തൊഴില്‍മന്ത്രി മണ്ണു കോരി പങ്കെടുത്ത ചടങ്ങില്‍ കര്‍ഷക വായ്കയില്‍ നിന്നും 10 രൂപയും 215 രൂപയും എഴുതി തളളിയതായുളള രേഖകളാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഉംമ്രി ഗ്രാമത്തിലെ കര്‍ഷകയായ ശാന്തി ദേവിക്ക് 10.37 രൂപ എഴുതി തളളിയതായി അറിയിച്ചാണ് രേഖകള്‍ കിട്ടിയത്. 1.55 ലക്ഷം രൂപയാണ് ശാന്തി ദേവി ലോണായി തിരിച്ചടക്കേണ്ടത്.

മൗദാഹ ജില്ലയില്‍ നിന്നുളള മുന്നി ലാലിന്റെ 40,000 വായ്പയില്‍ 215 രൂപ എഴുതി തളളിയതായി കാണിച്ചാണ് സര്‍ക്കാര്‍ അറിയിച്ചത്. ഒരു ലക്ഷം രൂപ വരെയുളള വായ്പകള്‍ എഴുതി തളളുമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാരിന്റെ പ്രവൃത്തിയില്‍ കര്‍ഷകര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എന്ത് പരിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചതെന്ന് ഇവര്‍ ചോദിക്കുന്നു.

കഴിഞ്ഞ മാസമാണ് ‘കൃഷി റിന്‍ മോചന്‍ യോജന’ എന്ന പേരില്‍ ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക വായ്പ എഴുതി തളളാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചത്. 87 ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് കരുതിയ പദ്ധതിയാണ് കര്‍ഷകരെ നിരാശരാക്കിയത്. 93,000 രൂപ വായ്പയെടുത്ത തനിക്ക് 20,271 രൂപ എഴുതു തളളിയതായുളള രേഖകളാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് ശവപാല്‍ എന്ന കര്‍ഷകന്‍ പറഞ്ഞു. തന്റെ പ്രതീക്ഷയ്ക്ക് വിപരീതമാണ് സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. നിരവധി പേരാണ് ഇത്തരത്തില്‍ ചടങ്ങിലെത്തി നിരാശരായി മടങ്ങിയത്.

എന്നാല്‍ സംഭവം സാങ്കേതിക തകരാറ് കാരണം ആയിരിക്കുമെന്ന് മന്ത്രി മണ്ണു കോരി പറഞ്ഞു. പ്രിന്റിംഗില്‍ പറ്റിയ തകരാറ് കാരണമാകാം ഇത്തരത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കര്‍ഷകരെ കൊഞ്ഞനം കുത്തി കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സമാജ്‍വാദി അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ