ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം ചെയ്യുന്ന സിംഘുവിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപണം. സമരം അലോങ്കലപ്പെടുത്താൻ പൊലീസിന്റെ സഹായത്തോടെ ഒരു വിഭാഗം സമരക്കാരോടൊപ്പം ചേർന്നുവെന്ന് കർഷകർ ആരോപിച്ചു. ഇവരിൽ ഒരാളെ പിടികൂടി മാധ്യമങ്ങൾക്ക് മുന്നിലും കർഷകർ എത്തിച്ചു. വെള്ളിയാഴ്ച രാത്രി നാടകീയ രംഗങ്ങളാണ് സമരഭൂമിയിൽ അരങ്ങേറിയത്.

റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലി അലങ്കോലപ്പെടുത്താനും കര്‍ഷക നേതാക്കളെ വെടിവച്ചു കൊലപ്പെടുത്താനും രണ്ടു സംഘങ്ങളെ നിയോഗിച്ചെന്ന് കര്‍ഷകര്‍ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സംഘത്തിലുൾപ്പെട്ടയാളെന്ന് ആരോപിച്ച് ഒരു മുഖംമൂടി ധാരിയെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നിൽ ഹാജരാക്കുകയും തുടര്‍ന്ന് പൊലീസിന് കൈമാറുകയും ചെയ്തു.

Also Read: കാർഷിക നിയമങ്ങളിൽ ഒരു പ്രശ്‌നവുമില്ലെന്ന് മന്ത്രി; കർഷകരും കേന്ദ്രവുമായുള്ള 11-ാം ചർച്ചയും പരാജയം

കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിർദേശം കിട്ടിയെന്നും ഇതിന് പൊലീസിലെ ചിലരുടെ സഹായമുണ്ടെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു; മാങ്കുളത്ത് അഞ്ചുപേർ അറസ്റ്റിൽ

”രണ്ടു സംഘങ്ങളായി ജനുവരി 19 മുതല്‍ ഞങ്ങള്‍ ഇവിടെയുണ്ട്. പ്രതിഷേധക്കാരുടെ പക്കല്‍ ആയുധമുണ്ടോയെന്ന് പരിശോധിക്കാനാണ് ഞങ്ങളെ ചുമതലപ്പെടുത്തിയത്. ജനുവരി 26-ന് പ്രക്ഷോഭകര്‍ക്കിടയില്‍ കൂടിചേരാനും സമരത്തിനിടെ വെടിയുതിര്‍ക്കാനുമായിരുന്നു പദ്ധതി. കര്‍ഷകര്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. കര്‍ഷകര്‍ ആയുധങ്ങള്‍ ഉപയോഗിച്ചുവെന്ന് പൊലീസിന് സ്ഥാപിച്ചെടുക്കാനാണ് ഞങ്ങളെ ആയുധങ്ങളുമായി ഇങ്ങോട്ടേക്ക് നിയോഗിച്ചത്” മുഖംമൂടി ധാരി പറഞ്ഞു.

Also Read: പെട്രോൾ നിറച്ച ടയർ ആനയ്‌ക്ക് നേരെ എറിഞ്ഞു, ചെവിയിൽ കൊളുത്തിക്കിടന്ന് കത്തി; ദാരുണാന്ത്യം

അതേസമയം, കർഷക നേതാക്കളുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കാർഷിക നിയമങ്ങളിൽ ഒരു പ്രശ്‌നവും ഇല്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ആവർത്തിച്ചു. “കൃഷിക്കാർക്കായി കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും കർഷകരോടുള്ള ആദരവിന്റെ അടയാളമായാണ് കേന്ദ്ര സർക്കാർ ഈ നിയമങ്ങളെ തൽക്കാലം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചത്. കർഷകർക്ക് വേണമെന്നുണ്ടെങ്കിൽ ഇനിയുമൊരു ചർച്ചയ്‌ക്ക് കേന്ദ്രം തയ്യാറാണ്,” നരേന്ദ്ര സിങ് തോമർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook