മുംബൈ: ആറുമണിക്കൂര്‍ നീണ്ടു നിന്ന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം അഖിലേന്ത്യാ കിസാന്‍ സഭ വ്യാഴാഴ്ച വൈകുന്നേരും മുംബൈയിലേക്കുള്ള കര്‍ഷക മാര്‍ച്ച് അവസാനിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി കിസാന്‍ സഭാ നേതൃത്വം അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഓരോ രണ്ടു മാസം കൂടുമ്പോഴും വാഗ്ദാനങ്ങള്‍ നല്‍കിയത് എത്രത്തോളം പ്രാബല്യത്തിലായി എന്ന് നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ അവലോകന യോഗം നടത്തുമെന്ന് ഉറപ്പ് നല്‍കിയതായും കിസാന്‍ സഭ അറിയിച്ചു.

മാര്‍ച്ചിന്റെ ഒന്നാം ദിവസമായ വ്യാഴാഴ്ച, കര്‍ഷകര്‍ 13 കിലോമീറ്റര്‍ നടന്നെത്തിയപ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി രംഗത്തെത്തിയത്.

‘ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷവും മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. എന്നാല്‍ ഇത്തവണ ഉറപ്പുകള്‍ നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഒരു അവലോകന കമ്മിറ്റി രൂപികരിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്,’ സിപിഎം എംഎല്‍എം ജെ.പി ഗവിറ്റ് യോഗത്തിനു ശേഷം അറിയിച്ചു.

അണക്കെട്ടുകളും ബാരേജുകളും നിര്‍മ്മിച്ച് കര്‍ഷകര്‍ക്ക് ജലസേചനം ഉറപ്പുവരുത്തുക എന്നതായിരുന്നു പ്രധാന ആവശ്യം. മഹാരാഷ്ട്രയുടെ ജലത്തിന്റെ പങ്ക് മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് തിരിച്ചു വിടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും കര്‍ഷകര്‍ പറഞ്ഞു.

‘ഗുജറാത്തിലെ ജലവിതരണ ഉടമ്പടിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കി കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി ഞങ്ങളുടെ പ്രതിനിധി സംഘത്തിന് ഒരു പ്രസന്റേഷന്‍ നടത്താമെന്നും അവര്‍ ഉറപ്പ് നല്‍കി. അതിന് ശേഷം ആവശ്യമായ നടപടിയെടുക്കും,’ ഗവിറ്റ് പറഞ്ഞു.

കര്‍ഷകരെ പ്രതിനിധീകരിച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവലെ, സിപിഎം എംഎല്‍എ ജിവ പാണ്ഡു ഗവിറ്റ്, ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി അജിത് നാവലെ എന്നിവരാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook