ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയ കോണ്‍ഗ്രസ് നടപടിയെ പരിഹസിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തൊട്ടാകെയുള്ള കര്‍ഷകര്‍, കോണ്‍ഗ്രസിന് വെറും വോട്ട് ബാങ്ക് മാത്രമാണെന്ന് മോദി കുറ്റപ്പെടുത്തി.

‘കോണ്‍ഗ്രസിന് കര്‍ഷകര്‍ വോട്ട് ബാങ്കാണ്. പക്ഷെ ഞങ്ങള്‍ അവരെ കാണുന്നത് അന്നദാതാക്കളായാണ്. ഇതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം,’ മോദി പറഞ്ഞു.

കര്‍ഷകര്‍ക്ക് ഗുണകരമായിട്ടുള്ള പദ്ധതികള്‍ മുന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ കര്‍ഷകര്‍ വായ്പ എടുക്കേണ്ട ആവശ്യം പോലും വരില്ലായിരുന്നുവെന്ന് മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസാണ് കര്‍ഷകരെ വായ്പയെടുക്കുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടതെന്നും, ഇപ്പോള്‍ കടം എഴുതി തള്ളി അവര്‍ തന്നെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.

വിവിധ പദ്ധതികള്‍ക്ക് ഗാന്ധി കുടുംബത്തിലുള്ളവരുടെ പേരുകള്‍ നല്‍കിയെന്നു പറഞ്ഞും മോദി കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറ്റപ്പെടുത്തി.

‘ഞങ്ങള്‍ നരേന്ദ്ര മോദി ആവാസ് യോജന ഉണ്ടാക്കിയിട്ടില്ല. നമോ ആവാസ് യോജന ആരംഭിച്ചിട്ടില്ല. രഘുബര്‍ ആവാസ് യോജന എന്നു പേരിട്ടിട്ടില്ല. പ്രധാനമന്ത്രി ആവാസ് യോജന എന്നാണ് ഞങ്ങള്‍ നല്‍കിയ പേര്. അതുകൊണ്ട് തന്നെ അടുത്ത പ്രധാനമന്ത്രിക്കും അതുമായി മുന്നോട്ടു പോകാം,’ മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook