ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങൾ ഒരാഴ്ച പിന്നിടുമ്പോൾ, പ്രതിഷേധിച്ച കർഷകരുടെ ഒരു വിഭാഗം ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. സംസ്ഥാന-ദേശീയ പാതകള്‍ ഉപരോധിച്ചുകൊണ്ട് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുമണിവരെയാണ് പ്രതിഷേധമെന്ന് കര്‍ഷക സംഘടനകളുടെ സംയുക്ത ബോഡിയായ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

“ഫെബ്രുവരി 6 ന് രാജ്യവ്യാപകമായി ഉച്ചയ്ക്ക് 12 നും മൂന്നിനും ഇടയിൽ റോഡുകൾ ഉപരോധിക്കും” ഭാരതീയ കിസാൻ യൂണിയനിലെ ബൽബീർ സിങ് രാജേവാൾ പറഞ്ഞു. സിങ്കു അതിർത്തിയിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് അറിയിച്ചത്.

Read More: കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാൻ പഞ്ചാബ് മെയിൽ വഴി തിരിച്ചുവിട്ടെന്ന് ആരോപണം

കാർഷിക നിയമങ്ങൾ റദ്ദാക്കണം, ഇന്റർനെറ്റ് പുനഃസ്ഥാപിക്കണം, റോഡുകൾ ബാരിക്കേഡുകൾ വച്ച് തടയരുത് എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ. ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെയും കൂടിയാണ് ദേശീയപാത ഉപരോധം ആഹ്വാനം ചെയ്തിരിക്കുന്നത്.

കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ട് ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. തിക്രിക്ക് പുറമെ ഗാസിപുരിലെ സമരകേന്ദ്രങ്ങള്‍ക്ക് സമീപത്തെ റോഡുകളിലും പൊലീസ് ഇരുമ്പാണികള്‍ തറക്കുകയും ശൗചാലയങ്ങളിലേക്കുള്ള വഴികള്‍ പോലും പൊലീസ് അടച്ചുവച്ചിരിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു.

Read More: കർഷകർക്കായി വൻ പ്രഖ്യാപനങ്ങൾ; കാർഷിക വായ്പകൾക്ക് 16.5 ലക്ഷം കോടി

റിപ്പബ്ലിക് ദിനത്തിലാണ് ഡല്‍ഹി അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. പൊതുസുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ഒരാഴ്ചയാകുമ്പോഴും ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ തയാറായിട്ടില്ല. സമരകേന്ദ്രങ്ങളില്‍ വെള്ളവും വൈദ്യുതിയും നിഷേധിച്ചു.

വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ പുനഃസ്ഥാപിക്കണം, ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണം, സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം തുടങ്ങിയ ഉപാധികള്‍ അംഗീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

അതേസമയം, ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ ഇതുവരെ 44 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും, 128 പേരെ അറസ്റ്റ് ചെയ്തെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook