ന്യൂഡല്‍ഹി: എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക കടം എഴുതിതള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ നഗരങ്ങളിലും പട്ടണങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങള്‍ അലയടിച്ചു തുടങ്ങി.

കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പൂര്‍ണമായും തടയുകയും പാല്‍- പച്ചക്കറി ഉത്പന്നങ്ങള്‍ റോഡിലൊഴുക്കിയുമാണ് പ്രതിഷേധം പുരോഗമിക്കുന്നത്. കേരളം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്. ജൂണ്‍ 1 മുതല്‍ പത്ത് വരെയാണ് സമരം.

മിക്ക നഗരങ്ങളിലും കിലോയ്ക്ക് പത്തും ഇരുപതും രൂപ വച്ചാണ് പച്ചക്കറി വില കൂടിയത്. പഞ്ചാബില്‍ പലയിടത്തും പച്ചക്കറികളുടെ മൊത്തവില അഞ്ചിരട്ടിയായി വര്‍ദ്ധിച്ചു. ജൂണ്‍ 1 മുതല്‍ 10 വരെയാണ് കര്‍ഷകര്‍ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയാഴ്‌ച വരെ ജലന്ധറിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഇരുപത് കിലോയുള്ള ക്രേറ്റ് തക്കാളിക്ക് നാല്‍പത് മുതല്‍ എഴുപത് രൂപ വരെയാണ് വില ഉണ്ടായിരുന്നത്. സമരം ആരംഭിച്ചതോടെ ഇത് മുന്നൂറ് രൂപയ്ക്ക് അടുത്തെത്തി. പതിനഞ്ച് കിലോയ്ക്ക് അമ്പത് രൂപയുണ്ടായിരുന്ന കാപ്‌സികത്തിന്റെ വില 225 രൂപയായാണ് വര്‍ദ്ധിച്ചത്.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് കര്‍ഷകരെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത് എന്നായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ പ്രതികരണം. പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന ഒരു നടപടിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണ് എന്നായിരുന്നു സിപിഐ ദേശീയ സെക്രട്ടറി അതുല്‍ കുമാറിന്റെ പ്രതികരണം. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ലോബിയിങ് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് സിപിഐ നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട്‌ പറഞ്ഞു.

നൂറ്റിയമ്പതോളം ചെറു കര്‍ഷകസംഘങ്ങളാണ് മധ്യപ്രദേശിലെ സമരത്തെ പിന്തുണയ്ക്കുന്നത്. 50 പഞ്ചായത്തില്‍ വ്യാപിച്ചുകിടക്കുന്ന സമരത്തോടെ നഗരങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചു. മദന്‍സൂറില്‍ ഏഴോളം കര്‍ഷകരെ വെടിവച്ചുകൊന്നതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് രാജ്യവ്യാപക സമരം.

ഏതാനും മാസങ്ങള്‍ മുൻപ് മുപ്പതിനായിരത്തോളം കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് സാക്ഷ്യം വഹിച്ച മഹാരാഷ്ട്രയിലും സമരം ശക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ