ന്യൂഡല്‍ഹി: എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക ബന്ദ്‌ പുരോഗമിക്കുന്നു. പത്ത് ദിവസത്തെ രാജ്യവ്യാപക ബന്ദില്‍ നൂറോളം കര്‍ഷക സംഘടനകളാണ് പങ്കെടുക്കുന്നത്. കര്‍ഷകരുടെ സംയുക്ത സംഘടനയായ അഖിലേന്ത്യാ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ച സമരത്തില്‍ വെളളിയാഴ്‌ച കര്‍ഷകര്‍ റോഡില്‍ പച്ചക്കറികളും പാലും ഒഴുക്കി പ്രതിഷേധിച്ചു. കേരളം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്. അതേസമയം മധ്യപ്രദേശില്‍ ഒരുവിഭാഗം കര്‍ഷകര്‍ പണിമുടക്കില്‍ നിന്നും മാറി നില്‍ക്കുകയാണ്. പഞ്ചാബിലെ ഫരീദ്കോട്ടില്‍ കര്‍ഷകര്‍ ഉത്പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചു.

നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കുമുള്ള പാല്‍, പഴം, പച്ചക്കറിയുടെ കയറ്റുമതി പൂര്‍ണമായും സ്തംഭിപ്പിക്കും വിധമാണ് സമരം പുരോഗമിക്കുന്നത്. “വെള്ളിയാഴ്‌ച മുതല്‍ നഗരങ്ങളിലേക്കുള്ള പാല്‍, പച്ചക്കറി എന്നിവയുടെ കയറ്റുമതി നിര്‍ത്തിവയ്‌ക്കാനാണ് ഞങ്ങളുടെ തീരുമാനം. അത് നടപ്പിലാക്കുന്നതിനായി കര്‍ഷകര്‍ റോഡരികില്‍ നിര്‍ത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്യും.” ആര്‍എസ്എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയാ കിസാന്‍ സംഘ് മാത്രമാണ് സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

ഏതാനും മാസങ്ങള്‍ മുന്‍പാണ് മുപ്പതിനായിരത്തോളം കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. മഹാരാഷ്ട്രയില്‍ സമരത്തിന് സമ്മിശ്ര പ്രതികരണമാണ്. മുംബൈ- പുണെ നഗരങ്ങളിലെ വലിയ മാര്‍ക്കറ്റുകള്‍ തുറന്നുകിടക്കുകയാണ്. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് കര്‍ഷകരിൽ പലരും സമരത്തില്‍ നിന്നും പിന്‍വലിഞ്ഞത്.

നൂറ്റിയമ്പതോളം ചെറു കര്‍ഷകസംഘങ്ങളാണ് മധ്യപ്രദേശിലെ സമരത്തെ പിന്തുണയ്ക്കുന്നതെന്ന് ആം കിസാന്‍ യൂണിയന്‍ നേതാവ് കേദാര്‍ സിരോഹി വാര്‍ത്താ ഏജന്‍സിയായ അയാന്‍സിനോട്‌ പറഞ്ഞു. 50 പഞ്ചായത്തില്‍ വ്യാപിച്ചുകിടക്കുന്ന സമരത്തോടെ നഗരങ്ങളിലേക്കുള്ള കയറ്റുമതി പൂര്‍ണമായും നിലയ്ക്കും എന്ന് വേണം കണക്കാക്കാന്‍. മദന്‍സൂറില്‍ ഏഴോളം കര്‍ഷകരെ വെടിവച്ചുകൊന്നതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് പുതിയ സമര പ്രഖ്യാപനം.

“കര്‍ഷകര്‍ ഒരുമിച്ച് നിന്നുകൊണ്ട് തന്നെയാണ് സമരം നടത്തുന്നത്. കര്‍ഷക പ്രതിഷേധത്തെ തണുപ്പിക്കാനുള്ള എല്ലാ ശ്രമവുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുള്ളത്. പക്ഷെ എന്ത് വന്നാലും തല കുനിക്കാന്‍ അവര്‍ തയ്യാറല്ല”, കേദാര്‍ സിരോഹി പറഞ്ഞു.

പഞ്ചാബിലും ഹരിയാനയിലും സമരം ശക്തമായി തന്നെയാണ് പുരോഗമിക്കുന്നത്. വിവിധ പച്ചക്കറി ചന്തകളും ഒഴിഞ്ഞുകിടക്കുകയാണ്.
“സമരത്തില്‍ പങ്കെടുക്കണം എന്ന് ഒരാളെ പോലും നിര്‍ബന്ധിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തില്‍ സ്വമേധയാ പ്രതിഷേധിക്കുകയാണ് അവര്‍”, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ സിങ് രജേവാല്‍ പറഞ്ഞു. ജൂണ്‍ 1 മുതല്‍ പത്ത് വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ