വിവാദപരമായ കാർഷിക നിയമത്തെക്കുറിച്ച് സർക്കാരുമായി അടുത്ത ഘട്ട ചർച്ചകൾക്ക് മുന്നോടിയായി നിലപാട് കടുപ്പിച്ച് കർഷക യൂണിയനുകൾ. കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ജനുവരി 26 ന് മുമ്പ് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാൻ പരേഡ് നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. ജനുവരി നാലിനാണ് കർഷകരുമായുള്ള കേന്ദ്രത്തിന്റെ അടുത്ത ഘട്ട ചർച്ച.
“ഇതുവരെ ഞങ്ങൾ സമാധാനപരമയിട്ടാണ് ഇരുന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. പക്ഷെ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഡൽഹിയിൽ തുടരും. ജനുവരി 26ന് ഡൽഹിയിലേക്ക് കിസാൻ പരേഡ് എന്ന പേരിൽ ട്രാക്ടർ റാലിക്കി ആഹ്വാനം നൽകിയിട്ടുണ്ട്,” കർഷക യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
“ജനുവരി അഞ്ചിന് സുപ്രീംകോടതി ഇക്കാര്യത്തില്‍ വാദം കേൾക്കും. സര്‍ക്കാരുമായുളള ചര്‍ച്ച പരാജയപ്പെടുകയും പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ഹരിയാണയിലെ കുണ്ഡ്‌ലി- മനേസര്‍- പല്‍വാല് എക്‌സ്പ്രസ് വേയില്‍ ജനുവരി ആറിന് ഞങ്ങള്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.” കര്‍ഷക നേതാക്കളിലൊരാളായ ഡോ.ദര്‍ശന്‍പാല്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാകകളുമേന്തി വന്‍ ട്രാക്ടർ റാലി ഡല്‍ഹിയില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ കര്‍ഷകര്‍ മുന്നോട്ടു വെച്ച രണ്ടാവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും താങ്ങുവില സംബന്ധിച്ച ഉറപ്പും കേന്ദ്രം അംഗീകരിച്ചില്ല. മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച നിയമസാധുതയുള്ള ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ജനുവരി ആറ് മുതല്‍ സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.
Read Here: കാർഷിക നിയമങ്ങൾ: കേന്ദ്രവുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് കർഷകർ