ന്യൂഡൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ സാധ്യതയില്ലെന്ന് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർലാൽ ഖട്ടർ. “ചില കാര്യങ്ങളിൽ ചർച്ച നടത്താം, പക്ഷേ സർക്കാർ ഈ നിയമങ്ങൾ പിൻവലിക്കുമെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ കർണാലിൽ ഖട്ടറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച ‘കിസാൻ മഹാപഞ്ചായത്ത്’ പരിപാടി കർഷകർ വേദി തകർക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെത്തുടർന്ന് റദ്ദാക്കിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരേ തുടരുന്ന കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ‘കിസാൻ മഹാപഞ്ചായത്ത്’ പരിപാടിയുടെ വേദിയാണ് കർഷകർ അടിച്ചു തകർത്തത്. കർഷകർ വേദിയിലെ പന്തലുകൾ സ്ഥാപിച്ച തൂണുകൾ പിഴുതുമാറ്റുകയും വേദിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുകയായിരുന്നു. ഇത്തരം പെരുമാറ്റത്തിലൂടെ പ്രതിഷേധക്കാർ കർഷകരെ അപകീർത്തിപ്പെടുത്തിയെന്നും “ഇത്തരം സംഭവങ്ങളിൽ കോൺഗ്രസ് പാർട്ടിക്കും കമ്മ്യൂണിസ്റ്റുകൾക്കും വലിയ പങ്കുണ്ടെന്നും” ഖട്ടർ പറഞ്ഞു.

Read More:  പിന്നോട്ടില്ലെന്ന് കർഷകർ, എട്ടാം ഘട്ട ചർച്ച പരാജയം; അടുത്തത് 15ന്

പരിപാടിക്കായി ഖട്ടർ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന കൈംല ഗ്രാമത്തിലെ ഹെലിപാഡിന് സമീപം കർഷകർ എത്തുന്നത് തടയാൻ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. പോലീസ് കർഷകർക്കെതിരെ ലാത്തി ചാർജ് നടത്തുകയും ടിയർഗാസും ജലപീരങ്കികളും പ്രയോഗിക്കുകയും ചെയ്തിരുന്നു.

1,500 ഓളം പോലീസുകാരെ യോഗത്തിന്റെ സുരക്ഷയ്ക്കായി വിന്യസിക്കുകയും വേദിക്ക് മുന്നിൽ ഏഴ് ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭം നടത്തുന്ന കർഷകർ ആറ് ചെക്ക്‌പോസ്റ്റുകൾ ലംഘിച്ച് ഹെലിപാഡിന് സമീപം എത്തിയതിനെത്തുടർന്ന് ഘട്ടറിന്റെ ഹെലികോപ്റ്ററിനുള്ള ലാൻഡിംഗ് സ്ഥലം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook