ഡെറാഡൂണ്‍: ഹരിദ്വാറിലെ ദഡ്കി ഗ്രാമത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ബിജെപിക്ക് എതിരെ ആത്മഹത്യ കുറിപ്പ് എഴുതി വച്ചാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. ‘ബിജെപിക്ക് വോട്ട് ചെയ്യരുത്’ എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. 65കാരനായ ഈശ്വര്‍ ചന്ദ് ശര്‍മ്മയാണ് മരിച്ചത്.

വിഷം കഴിച്ചാണ് ശര്‍മ്മ ആത്മഹത്യ ചെയ്തത്. അവശനിലയില്‍ കണ്ടെത്തിയ ശര്‍മ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ‘ഈ അഞ്ച് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ തകര്‍ത്തു. അവര്‍ക്ക് വോട്ട് ചെയ്യരുത്, ചെയ്താല്‍ അവര്‍ എല്ലാവരേയും കൊണ്ട് ചായ വില്‍പ്പന നടത്തിക്കും,’ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ശര്‍മ്മയുടെ കൈപ്പടയിലുളള കുറിപ്പ് പൊലീസ് പരിശോധിച്ച് വരികയാണ്.

ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പയെടുക്കാന്‍ തന്നെ സഹായിച്ച മധ്യസ്ഥന്‍ വഞ്ചിച്ചതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ലോണിന് വേണ്ടി അപേക്ഷിക്കുമ്പോള്‍ ചെക്കില്‍ താന്‍ ഒപ്പിട്ട് നല്‍കിയതായും ഈ ചെക്ക് ഉപയോഗിച്ച് മധ്യസ്ഥനായി നിന്നയാള്‍ ബ്ലാക്ക്മെയില്‍ ചെയ്തതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

വായ്പ തിരികെ അടച്ചതിന് ശേഷമാണ് മധ്യസ്ഥന്‍ പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തിയതെന്ന് കുറിപ്പില്‍ പറയുന്നു. വിള വിറ്റ് കിട്ടിയ പണം ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നു. തന്റെ ഒപ്പുളള ചെക്ക് ഉപയോഗിച്ച് 4 ലക്ഷം രൂപ വേണമെന്ന് മധ്യസ്ഥന്‍ ആവശ്യപ്പെട്ടു. മറ്റൊരു വഴി ഇല്ലാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ