ന്യൂഡൽഹി: പുതിയ കർഷക നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കർഷക നിയമം കർഷകർക്ക് കൂടുതൽ അവസരങ്ങളും അവകാശങ്ങളും നൽകുന്നുവെന്ന് മോദി പറഞ്ഞു. മന്‍ കീ ബാത്തിലായിരുന്നു മോദിയുടെ പ്രതികരണം.

“പുതിയ കര്‍ഷക നിയമം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവസരങ്ങളുടെ വാതിലുകൾ തുറന്നു നൽകുന്നു. മറ്റ് സര്‍ക്കാരുകള്‍ ഇത്രയും കാലം തമസ്‌കരിച്ച വര്‍ഷങ്ങളായി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഈ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്,” പ്രധാനമന്ത്രി പറഞ്ഞു.

വളരെയധികം ആലോചിച്ചാണ് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

“ഇതോടെ കര്‍ഷകരുടെ പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും അവസാനിച്ചിരിക്കുകയാണ്. അവര്‍ക്ക് പുതിയ അവകാശങ്ങളും പുതിയ അവസരങ്ങളുമാണ് സംജാതമായിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സർക്കാർ നിർദേശിച്ച സ്ഥലത്തേക്ക് പ്രതിഷേധം മാറ്റിയാൽ ഉടൻ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം കർഷക സംഘടനകൾ തള്ളി. ബുരാരിയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്നായിരുന്നു അമിത് ഷായുടെ ആവശ്യം.

“വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നെ വിളിച്ചു. ഡൽഹിയുടെ അതിർത്തികൾ ബ്ലോക്ക് ചെയ്യരുതെന്നും പകരം ബുറാരിയിലെ നിരങ്കരി ഭവനിലേക്ക് പോകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതിർത്തികൾ തടയുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, പക്ഷേ ഞങ്ങൾ ബുറാരിയിലേക്ക് പോകാൻ തയ്യാറല്ല, എന്നാൽ നേരത്തെ പ്രതിഷേധിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്ന ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി ഞങ്ങളെ അനുവദിക്കണം. അഖിലേന്ത്യാ കിസാൻ സംഗ്രാഷ് ഏകോപന സമിതിയുടെ (എ.ഐ.കെ.എസ്.സി) അപേക്ഷ ഡൽഹി പോലീസ് നിരസിച്ചിരുന്നു. എല്ലാവരും പ്രതിഷേധം പ്രകടിപ്പിക്കുന്ന ഒരിടമാണ് ജന്തർ മന്തർ, എന്തുകൊണ്ടാണ് ഞങ്ങൾക്ക് കർഷകർക്ക് ഇത് ചെയ്യാൻ കഴിയാത്തത്?,” കർഷക സംഘടന നേതാവ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പ്രതികരിച്ചു.

ചര്‍ച്ചയ്ക്കായി ഡിസംബര്‍ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Read More: സർക്കാർ നിർദേശിച്ച സ്ഥലത്തേക്ക് മാറിയാൽ ചർച്ച; കർഷകർക്ക് മുന്നിൽ ഉപാധിവച്ച് അമിത് ഷാ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook