ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച തങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ അംഗം അനില്‍ ഘന്‍വത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്‌ക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ഥിച്ചത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ സാഹചര്യത്തില്‍ സമിതി റിപ്പോര്‍ട്ട്, ആ നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെങ്കിലും കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പൊതുതാല്‍പ്പര്യമുള്ള നിര്‍ദേശങ്ങളുണ്ട്,” ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ഘന്‍വത് പറഞ്ഞു.
റിപ്പോര്‍ട്ടിനു വിദ്യാഭ്യാസപരമായ പങ്ക് വഹിക്കാനും നിരവധി കര്‍ഷകരുടെ തെറ്റിദ്ധാരണകള്‍ ലഘൂകരിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച നയം നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നു ഘന്‍വത് കത്തില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഷകരുടെ താല്‍പ്പര്യത്തില്‍ അധിഷ്ഠിതമായതും വിപണിയെ വികൃതമാക്കാത്തതുമായ നയമാണ് നമുക്കുണ്ടാകേണ്ടതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Also Read: ഡേറ്റ സംരക്ഷണ കരട് ബില്‍: പിഴ, ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ പരിശോധന എന്നിവ ഉള്‍പ്പെടാന്‍ സാധ്യത
അടുത്ത രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ താന്‍ രാജ്യത്തുടനീളം സഞ്ചരിക്കുമെന്നും കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങളെ പിന്തുണച്ച് ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ ഒത്തുകൂടുമെന്നും ഷേത്കാരി സംഘടനയുടെ മുതിര്‍ന്ന നേതാവായ ഘന്‍വത് കൂട്ടിച്ചേര്‍ത്തു. മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന ആവശ്യം ഇപ്പോള്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ജനുവരി 12നു സ്റ്റേ ചെയ്ത സുപ്രീം കോടതി അവ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുകയായിരുന്നു. സമിതി മാര്‍ച്ച് 13-നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ പരസ്യമാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കു ലഭ്യമാക്കാനും കേന്ദ്രത്തിനു കൈമാറാനും അഭ്യര്‍ഥിച്ച് ഘന്‍വത് സെപ്തംബര്‍ ഏഴിനു ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.