Latest News

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധങ്ങൾക്കിടെ കാർഷിക ബിൽ പാസാക്കി

തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ രാജ്യസഭാ ഡപ്യൂട്ടി ചെയർമാന്റെ മുൻപിൽ കയറിനിന്നു. സഭയുടെ നിയമപുസ്‌തകം ഡപ്യൂട്ടി ചെയർമാന്റെ മുൻപിൽ ഉയർത്തിപിടിച്ചു

Rajyasabha

ന്യൂഡൽഹി: ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായ കർഷക ബിൽ രാജ്യസഭയിലും പാസായി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബിൽ രാജ്യസഭ കടമ്പ കടന്നത്. നേരത്തെ ലോക്‌സഭയിൽ അനായാസം ബിൽ പാസാക്കാൻ സാധിച്ചിരുന്നു.

രാജ്യസഭയിൽ ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. വോട്ടെടുപ്പിനിടെ സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ എംപിമാർ ബിൽ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ രാജ്യസഭാ ഡപ്യൂട്ടി ചെയർമാന്റെ മുൻപിൽ കയറിനിന്നു. സഭയുടെ നിയമപുസ്‌തകം ഡപ്യൂട്ടി ചെയർമാന്റെ മുൻപിൽ ഉയർത്തിപിടിച്ചു.

പ്രതിപക്ഷ അംഗങ്ങള്‍ സഭാ അധ്യക്ഷന്റെ സമീപത്തേക്ക് മുദ്രാവാക്യങ്ങൾ വിളിച്ചു പാഞ്ഞടുത്തു. പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുകയും മെെക്ക് തട്ടിമാറ്റുകയും ചെയ്‌തു. സഭയിൽ ചെറിയ തോതിൽ കയ്യാങ്കളിയും ഉണ്ടായി.

Read Also: കോവിഡ് വാക്സിൻ പരീക്ഷിച്ച് യുഎഇ ആരോഗ്യമന്ത്രി

രാജ്യമെമ്പാടും കർഷകർ തെരുവിൽ പ്രതിഷേധിക്കുകയാണ്. അതിനിടയിലാണ് ഏറെ ചർച്ചയായ ബിൽ രാജ്യസഭയിൽ പാസാക്കിയത്. ഹരിയാനയിൽ കർഷകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

കാർഷിക ബില്ലിനെ സിപിഎം പൂർണമായി എതിർത്തു. ബില്ലുകൾ സിലക്‌ട് കമ്മറ്റിക്ക് വിടണമെന്ന് സിപിഎമ്മും ഡിഎംകെയും തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടു. വൈഎസ്ആർ കോൺഗ്രസ്, ജെഡിയു എന്നിവര്‍ ബില്ലിനെ പിന്തുണച്ചു. ഉപാധികളോടെ ബില്ലിനെ പിന്തുണയ്‌ക്കാമെന്ന നിലപാടാണ് സിപിഐ രാജ്യസഭയിൽ സ്വീകരിച്ചത്.

നേരത്തേ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ഹർസിമ്രത് കൗർ ബാദൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ശിരോമണി അകാലിദൾ (എസ്‌എഡി ) മന്ത്രിയാണ് ഹർസിമ്രത് കൗർ ബാദൽ.

ബിജെപിയുടെ സഖ്യകക്ഷിയായ എസ്‌എഡി കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട് ബിജെപിയുമായി അഭിപ്രായ ഭിന്നതയിലാണ്. ബില്ലുകൾക്കെതിരേ കർഷക സംഘടനകൾ പഞ്ചാബിലും ഹരിയാനയിലും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാർഷിക ഉൽ‌പ്പന്നങ്ങൾ‌ക്കുള്ള മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ‌ ബില്ലുകൾ‌ അവസാനിപ്പിക്കുമെന്നാണ് കർഷകർ പറയുന്നത്.

Read More: കാർഷിക ബില്ലുകൾക്കെതിരേ പ്രതിഷേധം: കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സെര്‍വീസ് ബില്‍ എന്നിവയാണ് ഇന്ന് രാജ്യസഭയിൽ പാസായത്.

കാർഷിക ബില്ലിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്

“കർഷക ബിൽ കാലത്തിന്റെ ആവശ്യമാണ്. കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം. ബിജെപി നടപ്പിലാക്കുന്നതാണ് കോൺഗ്രസിനെ അസ്വസ്ഥരാക്കുന്നത്. കർഷകർക്ക് പുതിയ സ്വാതന്ത്ര്യം നൽകുന്നതാണ് ഈ ബിൽ. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കൂടുതൽ സാധ്യതകളും അവസരങ്ങളും ലഭിക്കും. എന്നാൽ, വർഷങ്ങളോളം രാജ്യം ഭരിച്ച കോൺഗ്രസ് കാർഷിക ബില്ലിന്റെ പേരിൽ കർഷകരെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണ്. കർഷകരോട് കോൺഗ്രസ് കള്ളം പറയുന്നു,”

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farm bills set for rajya sabha today amid logjam

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com