‘ജുനൈദിന്റെ ഇഷ്ടങ്ങൾ ഏറെ വ്യത്യസ്തമായിരുന്നു. ഞങ്ങളെല്ലാം ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും കഴിക്കുന്പോൾ അവന് എപ്പോഴും സൊയാബീൻ ബിരിയാണിയായിരുന്നു വേണ്ടത്. റംസാനിൽ അവൻ എപ്പോൾ വന്നാലും അവന്റെ ഉമ്മ സൊയാബീൻ ബിരിയാണിയാണ് ഉണ്ടാക്കിയിരുന്നത്. അവനെയാണ് ഈ മനുഷ്യർ ബീഫ് തിന്നുന്നവനെന്നും പറഞ്ഞ് ആക്രമിച്ചത്’ ജുനൈദ് തന്റെ ‘ബെസ്റ്റ് ഫ്രണ്ട്’ എന്ന് എല്ലാവരോടും വിശേഷിപ്പിച്ചിരുന്ന മുഹമ്മദ് യാസീന്റെ വാക്കുകളാണിത്. ജുനൈദിനെ കുറിച്ച് സംസാരിക്കുമ്പോൾ യാസീന്റെ കണ്ണുകൾ ഇടക്കിടക്ക് നിറഞ്ഞ് തുളുന്പിക്കൊണ്ടിരുന്നു.

കഴിഞ്ഞ ജൂൺ 22ന്, ഹരിയാനയിലെ ഭല്ലഭ്‌ഗഡ് ജില്ലയിലെ ഗണ്ഡാവാലി ഗ്രാമത്തിലെ സൈറാ-ജലാലുദ്ദീൻ ദന്പതികളുടെ ഏഴ് മക്കളിൽ അഞ്ചാമനായ ജുനൈദ് ഖാൻ മൂത്ത സഹോദരൻ ഹാഷിമിനും സുഹൃത്തുക്കളായ മോയിനും മൊഹ്സിനുമൊപ്പം ഡൽഹിയിലേക്ക് പോയതായിരുന്നു. 1500 രൂപയുമായി ജുനൈദ് പുറപ്പെട്ടത് പെരുന്നാളിന് വസ്ത്രങ്ങളും ഷൂവും അത്തറും എല്ലാം വാങ്ങാനായിരുന്നു. മാത്രമല്ല, പെങ്ങൾ റാബിയക്കും അവളുടെ മൂന്ന് കുട്ടികൾക്കും സമ്മാനങ്ങളും വാങ്ങണമായിരുന്നു ഒരു അമ്മാവൻ കൂടിയായ ഈ പതിനഞ്ചുകാരന്.

ഡൽഹിയിൽ നിന്നുള്ള അവരുടെ മടക്കയാത്രയിൽ, ഡൽഹി-മധുര ട്രെയിനിൽ ഒരു കൂട്ടം ആളുകളുമായി സീറ്റിനെ ചൊല്ലികശപിശയുണ്ടായി. അവർ ജുനൈദിനേയും കൂട്ടുകാരെയും കളിയാക്കി. സഹോദരന്റെ താടിയിൽ പിടിച്ചു വലിച്ചു. ബീഫ് കഴിക്കുന്നവരെന്ന് അധിക്ഷേപിച്ചു. അവസാനം അവർ ജുനൈദിനെ മാരകമായി കുത്തിപ്പരുക്കേൽപിച്ചു ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞു. ജ്യേഷ്ഠന്റെ മടിയിൽ കിടന്നാണ് ജുനൈദ് അന്ത്യശ്വാസം വലിച്ചത്.

Junaid

ഈ ദുരന്തത്തിന് നാല് നാളുകൾക്കിപ്പുറം ജുനൈദിന്റെ വീടിനടുത്തുള്ള അസ്ലമിന്റെ കടയിൽ കുറച്ച് ചെറുപ്പക്കാർ ഒത്തുചേർന്നു. ജുനൈദിന്റെ സഹോദരന്മാരും കസിൻസും കൂട്ടുകാരും. അവർ പറയുകയാണ്, ജുനൈദിനെ കുറിച്ച്, അവന്റെ ഇഷ്ടങ്ങളെ കുറിച്ച്, രീതികളെ കുറിച്ച്… അതെ ‘ജുനൈദിന്റെ കഥ’.

എല്ലാവരേയും പോലെ ജുനൈദിനും സ്വപ്നങ്ങളുണ്ടായിരുന്നു. വലുതും ചെറുതുമായ ഒരുപാട് സ്വപ്നങ്ങൾ. അവൻ ഒരു ഹാഫിസ് (ഖുർആൻ മനഃപാഠമാക്കിയ വ്യക്തി) ആയിരുന്നു. മദ്രസാ അദ്ധ്യാപകനാകാൻ മേവാതിൽ പോയി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.

‘വീട്ടിലെത്തിയാൽ അവൻ ഞങ്ങളുടെ ജുനൈദ് മാത്രമായിരുന്നു. 12 വയസുള്ള സഹോദരൻ ഫൈസലിനൊപ്പം വട്ട് കളിക്കുന്ന, വീടിനടുത്തുള്ള ഇടവഴിയിൽ ഞങ്ങളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഞങ്ങളുടെ ജുനൈദ്. അവൻ നന്നായി പട്ടം പറപ്പിക്കുമായിരുന്നു. എല്ലാവരേയും തോൽപിക്കും. ഒരിക്കൽ പട്ടം പറപ്പിക്കലിനിടെ അവൻ മൂക്കും കുത്തി വീണത് കാണേണ്ടതു തന്നെയായിരുന്നു. അതിന് അവന് വീട്ടിൽ നിന്നും വഴക്കും കേട്ടു’ ഊറിച്ചിരിച്ചുകൊണ്ട് ജുനൈദിന്റെ കസിൻ റിസ്‌വാൻ ഖാൻ വിവരിക്കുന്നു.

Read More: A boy called Junaid

‘ജുനൈദ് ഒരു നല്ല ക്രിക്കറ്റ് കളിക്കാരനായിരുന്നു. മികച്ച ഒരു ഓൾ റൗണ്ടർ’ ജാമിയ മില്ലിയ സർവവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ മുജാഹിദ് ഖാൻ പറയുന്നു. ‘ജുനൈദിന് ബൈക്ക് എന്ന് വെച്ചാൽ ജീവനായിരുന്നു’ 19കാരനായ മുഫീദ് ഖാൻ വെളിപ്പെടുത്തുന്നു. മുഫീദ് തന്നെയാണ് ജുനൈദിനെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചതും. ഗ്രാമത്തിലെ കുളത്തിൽ ഒരുമിച്ചു കുളിക്കാൻ പോയിരുന്നതും നീന്തിയിരുന്നതും എല്ലാം മുഫീദ് അയവിറക്കുന്നു.

ബൈക്കിനെ കുറിച്ചുള്ള മുഫീദിന്റെ വാക്കുകൾ ജുനൈദിന്റെ സഹോദരൻ ഖ്വാസിമിനെ ആറ് മാസം മുൻപ് ജുനൈദുമായുണ്ടായ ഒരു സംഭാഷണത്തിലേക്ക് കൊണ്ട് പോയി. ‘നമുക്കൊരു ബൈക്ക് വാങ്ങണം, പൾസർ. പുതിയത് വേണമെന്നില്ല. പഴയതായാലും മതി. നമ്മൾ ഓരോരുത്തരും കിട്ടുന്നതിന്റെ പകുതി അതിനായി മാറ്റി വെക്കണം. ഉപ്പ കുറച്ച് കാശ് തരുമായിരിക്കും. 10,000 രൂപയായാൽ നമുക്ക് പഴയ ഒരു പൾസർ വാങ്ങിക്കാം.’ ജുനൈദ് പറഞ്ഞതനുസരിച്ച് ബൈക്ക് വാങ്ങിക്കാൻ മാറ്റിവെച്ച ആ പണം ഇനി ഞാൻ എന്തു ചെയ്യും? സങ്കടം അടക്കാനാകാതെ ഖ്വാസിം ചോദിക്കുന്നു.

അവർ തുടർന്നു കൊണ്ടിരുന്നു… ‘ജുനൈദ് ഞങ്ങളെപോലൊന്നുമല്ലായിരുന്നു സംസാരിച്ചിരുന്നത്. അവന് എല്ലാ വിഷയങ്ങളെ കുറിച്ചും നല്ല അറിവായിരുന്നു. വർഷത്തിൽ ഒരിക്കൽ വീട്ടിൽ വരുന്പോൾ ഞങ്ങൾക്ക് കുറേ പ്രാർത്ഥനകൾ പഠിപ്പിച്ചു തരുമായിരുന്നു. ഇത്രയും ദൈവത്തോട് അടുത്ത ആൾക്ക് ഇത്ര കഠിനമായ മരണം ഒരിക്കലും അർഹിച്ചിരുന്നില്ല.’

ജുനൈദിന്റെ അവസാനത്തെ 24 മണിക്കൂറിലെ കടന്നുപോകാം. അത് ആരംഭിക്കുന്നത് ഒരു ആഘോഷത്തോടെയാണ്. ജൂൺ 21 രാത്രി 11 മണിക്ക് ഗ്രാമത്തിലെ പള്ളിയിലായിരുന്നു ആ ചടങ്ങ്. ‘ഹാഫിസ് ആയ ജുനൈദ് മനഃപാഠമാക്കിയ ഖുർആൻ റംസാനിലെ 27-ാം രാവിനുള്ളിൽ പൂർണമായും പാരായണം ചെയ്ത് കഴിഞ്ഞിരുന്നു. ഖുർആൻ പൂർണമായും പാരായണം ചെയ്ത ജുനൈദിന് വീട്ടുകാരും കുടുംബാംഗങ്ങളും സമ്മാനമായി ചെറിയ തുകകൾ നൽകി. ഈ സമ്മാനത്തുകയുമായാണ് പിറ്റേ ദിവസം ജുനൈദ് തനിക്കും വീട്ടുകാർക്കും പെരുന്നാൾ വസ്ത്രങ്ങളും മറ്റും വാങ്ങാൻ ഡൽഹിയിലേക്ക് പോയത്,’ സഹോദരൻ ഖ്വാസിം ഓർമ്മിക്കുന്നു.

‘ചടങ്ങുകൾ കഴിഞ്ഞ് ഏറെ വൈകിയാണ് ജുനൈദ് ഉറങ്ങാൻ കിടന്നത്. സുബ്ഹി നമസ്കാരം കഴിഞ്ഞ് പ്രാർത്ഥിക്കുന്നത് വരെ ജുനൈദ് എന്റെ കൂടെയുണ്ടായിരുന്നു. പിന്നീട് ഞാൻ ഉറങ്ങാൻ പോയപ്പോൾ ജുനൈദും ഹാഷിമും ഡൽഹിക്ക് പുറപ്പെട്ടു,’ ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്റെ വാക്കുകൾ. ‘ഞാൻ അവനോട് പോകരുതെന്ന് പറഞ്ഞതാണ്. ഇപ്പോൾ താടിയും തൊപ്പിയും വെച്ചവരെയെല്ലാം ആക്രമിക്കുന്ന കാലമാണെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയതാണ്. പക്ഷേ അവൻ കേട്ടില്ല’ ജുനൈദുമായുള്ള അവസാന സംഭാഷണം വിവരിക്കുന്പോൾ ജലാലുദ്ദീന്റെ കണ്ഠമിടറി.

ജുനൈദിന്റെ ‘സാഹസം’ അവിടെ തുടങ്ങുന്നു. ആ കുട്ടിയും കൂട്ടുകാരും ഡൽഹിയിലെ സദർ ബസാർ സ്റ്റേഷനിലാണ് ഇറങ്ങിയത്. ‘ആസാദ് മാർക്കറ്റിലെ മദ്രസയിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. അവിടെയാണ് ഞാൻ പഠിച്ചിരുന്നത്. രണ്ട് മണിയോടെ ഞങ്ങൾ അവിടുന്നു ഇറങ്ങി’ കണ്ണീരണിഞ്ഞു കൊണ്ട് ഹാഷിം വിവരിക്കുന്നു. പിന്നീട് അവർ നാല് പേരും ഡൽഹി ജുമാ മസ്ജിദിൽ പോയി പെരുന്നാളിന് ധരിക്കാനുള്ള വസ്ത്രങ്ങൾ വാങ്ങി. അവിടെ നിന്ന് ആ കുട്ടികൾ അവർ ഒരിക്കലും മറക്കാത്ത യാത്രയുടെ ശേഷിപ്പുകളായി കുറേ ഫോട്ടോകളും സെൽഫികളുമെടുത്തു. ഈ ഫോട്ടോകളിൽ കറുത്ത ജീൻസും വെളുത്ത ഷർട്ടും കാൻവാസ് ഷൂവുമണിഞ്ഞാണ് ജുനൈദ് കാണപ്പെട്ടത്.

Junaid

‘ഒരു ഹാഫിസ് ആയതു കൊണ്ട് കുർത്തയും പൈജാമയും മാത്രമേ ജുനൈദ് ധരിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഇവിടെ ഗ്രാമത്തിലുള്ളവരാരും കാണാനില്ലെന്ന ധൈര്യത്തിലായിരുന്നു അവൻ ജീൻസും കാൻവാസ് ഷൂവുമെല്ലാം അണിഞ്ഞത്,’ സുഹൃത്ത് യാസിൻ പറയുന്നു.

വൈകിട്ട് അഞ്ച് മണിക്ക് ജുനൈദും കൂട്ടുകാരും ട്രെയിൻ കയറി. 7.20ന്, നോന്പുതുറക്കാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കേ ജലാലുദ്ദീന് ഒരു ഫോൺ കോൾ വന്നു. മകൻ ജുനൈദിന് ഭല്ലഭ്‌ഗഡ് സ്റ്റേഷനിൽ വെച്ച് എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്നായിരുന്നു സന്ദേശം. ‘ഞാൻ സ്റ്റേഷനിലേക്ക് ഓടി. പക്ഷേ ട്രെയിൻ പോയിരുന്നു. ഞാൻ തിരിച്ച് വീട്ടിലേക്ക് വന്ന് ഒരു ഗ്ലാസ് വെള്ളം കുടച്ച് നോമ്പ് തുറന്നു. അപ്പോൾ തന്നെ എന്റെ മകൻ ഇസ്മായിൽ എന്നെ വിളിച്ച് പൽവൽ ആശുപത്രിയിലേക്കെത്താൻ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിയപ്പോൾ എന്റെ മക്കളായ ഷാക്കിറും ഹാഷിമും രക്തത്തിൽ കുളിച്ച് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ജുനൈദിനെ കാണാനില്ലായിരുന്നു. അവൻ തീവ്രപരിചരണ വിഭാഗത്തിലായിരിക്കുമെന്നാണ് ഞാൻ കരുതിയത്.’ ആ ഭീതിതമായ രാത്രി ജലാലുദ്ദീൻ ഓർത്തെടുത്തു.

‘പുലർച്ചെ അഞ്ച് മണിക്കാണ് എന്റെ മകൻ ഇനി ഇല്ല എന്ന സത്യം ഞാൻ അറിയുന്നത്. ആളുകൾ ‘കഫൻ'(മൃതശരീരം പൊതിയുന്ന തുണി) തയ്യാറാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടു. ഞാൻ തകർന്നു വീണു… എന്റെ മകൻ മരിച്ചിരിക്കുന്നു.’ കണ്ണീർ നിയന്ത്രിക്കാൻ പാടുപെട്ട് ജലാലുദ്ദീൻ പറഞ്ഞു. അവന്റെ ഖബറടക്കത്തിന് അയൽ ഗ്രാമങ്ങളിൽ നിന്നു വരെ ആളുകൾ വന്നു. നിരവധി ജീവിതങ്ങളെ സ്പർശിച്ച ഒരു ബാലനെ യാത്രയാക്കാൻ.

‘ജുനൈദ്  ഞങ്ങൾക്ക് പലതുമാണ്…എല്ലാമാണ്…പക്ഷേ ഇന്ന് എല്ലാവർക്കും അവൻ ട്രെയിനിൽ വെച്ച് കൊല്ലപ്പെട്ട ഒരു ബാലൻ മാത്രമാണ്,’ ‘ബെസ്റ്റ് ഫ്രണ്ട്’ യാസിൻ പറഞ്ഞവസാനിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ