യാത്രയുടെ ആനന്ദമെന്തെന്ന് അറിയാതിരുന്ന ദശലക്ഷക്കണക്കിന് ജനങ്ങളെയാണ് ബീറ്റില്‍ ഒരു കാലത്ത് സഞ്ചാരത്തിന്റെ സുന്ദരലോകത്തിലേക്ക് ആനയിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നിരത്തുകള്‍ വലിപ്പം കുറഞ്ഞ ആ ജേതാവിന്റെ ഓട്ടത്തിന് സാക്ഷ്യം വഹിച്ചു. വിൽപനയിൽ രണ്ട് കോടി കവിഞ്ഞ ലോകത്തിലെ ആദ്യ കാറും ബീറ്റിലായി. ബീറ്റില്‍ ഒരു വളരെ ചെറിയ കാറായിട്ടും ഇടത്തരക്കാര്‍ അതിന്റെ പിന്നാലെ കൂടി. എന്നാല്‍ കാലം പോകവെ കോടീശ്വരന്മാരുടെയും സിനിമാ താരങ്ങളടക്കമുള്ള സെലിബ്രിറ്റികളുടെയും കാര്‍ ശേഖരത്തില്‍ ഒഴിവാക്കാനാവാത്ത ഒരംഗമായി ബീറ്റില്‍ മാറി. ജര്‍മ്മനിയില്‍ വിറ്റ് തുടങ്ങിയ കാര്‍ ഇന്ത്യ അടക്കമുളള വിദേശരാജ്യങ്ങളുടെ നിരത്തും ഏഴ് പതിറ്റാണ്ടുകളോളം കീഴടക്കി.

എന്നാല്‍ ഇതിഹാസ മാനങ്ങളുള്ള ചെറുകാറായ ‘ബീറ്റിലി’ന്റെ ഉത്പാദനം നിര്‍ത്തുകയാണ് ഫോക്സ്‌ വാഗന്റെ അമേരിക്കയിലുളള യൂണിറ്റ്. രണ്ട് പുതിയ എഡിഷന്‍ ഇറക്കി അടുത്ത വര്‍ഷം ജൂലൈയോടെ ഉത്പാദനം നിര്‍ത്തുമെന്ന് കമ്പനി വ്യക്തമാക്കി. 1938ല്‍ അവതരിപ്പിച്ച കാര്‍ 30 വര്‍ഷക്കാലം വിറ്റതിന് ശേഷം 1979ല്‍ അമേരിക്കയില്‍ ഫോക്സ്‌ വാഗന്‍ വില്‍പ്പന നിര്‍ത്തി. പിന്നീട് 1998ല്‍ അമേരിക്കയില്‍ ‘ന്യൂ ബീറ്റില്‍’ അവതരിപ്പിച്ച് ഫോക്സ് വാഗന്‍ വീണ്ടും നിര്‍മ്മാണം തുടങ്ങി.

ലോകവിപണിയില്‍ നിന്ന് ഫോക്സ്‌ വാഗനെ മാറ്റിനിര്‍ത്തിയൊരു കാര്‍ചരിത്രമുണ്ടാകില്ല.1937 മേയ് 8ന് തൊഴിലാളി സംഘടനായയ ജര്‍മന്‍ ലേബര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയിലെ ഫോക്സ്ബര്‍ഗിലാണ് ഫോക്സ്‌ വാഗന്‍ കമ്പനി സ്ഥാപിക്കുന്നത്. ജര്‍മ്മന്‍ ഭാഷയില്‍ ഫോക്സ്‌ വാഗന്‍ എന്ന വാക്കിനര്‍ത്ഥം ജനങ്ങളുടെ കാര്‍ എന്നാണ്. തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി ചെലവ് കുറഞ്ഞ കാര്‍ നിര്‍മ്മിക്കാന്‍ ജര്‍മ്മന്‍ ഏകാധിപതി സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റലര്‍ പദ്ധതിയിടുന്നു.

ഇതിനായി അദ്ദേഹം ഓസ്ട്രിയന്‍ എൻജിനീയറായ ഫെര്‍ഡിനാന്റ് പോര്‍ഷെ സമീപിക്കുന്നു. സാധാരണക്കാരെ കാറില്‍ കയറ്റുക എന്ന ലക്ഷ്യത്തിലേക്ക് ഹിറ്റ്‌ലര്‍ക്കൊപ്പം ഫോക്സ്‌ വാഗന്‍. 1939 ബര്‍ലിന്‍ മോട്ടോര്‍ഷോയിലാണ് ഫോക്സ്‌ വാഗന്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. കാര്‍ നിര്‍മ്മിച്ച് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. ‍ഹിറ്റ്‌ലറിന്റെ തേരോട്ടമുള്ള മണ്ണില്‍ അദ്ദേഹത്തിന്റെ മാനസപുത്രിയായി ഫോക്സ്‌ വാഗന്‍ കുതിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ലോകത്തെ ഞെട്ടിച്ച രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് കാര്‍ ഉത്പാദനം ഫോക്സ്‌ വാഗന്‍ നിര്‍ത്തി.

യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഫോക്സ്‌ വാഗന്‍ ബ്രട്ടീഷ് ആര്‍മിയുടെ അധീനതയിലായി. ബ്രിട്ടീഷ് സൈന്യം സൈനിക നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഫോക്സ്‌ വാഗന്‍ ഫാക്ടറി ഉപയോഗിച്ചു. 1946ല്‍ യുദ്ധത്തില്‍ നാമാവശേഷമായ ജര്‍മ്മന്‍ വ്യാവസായിക മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ നടപ്പിലാക്കിയ പദ്ധതിയിലൂടെ പിന്നെ കണ്ടത് ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ ഫോക്സ് വാഗനെ ആയിരുന്നു.

ആദ്യകാലത്ത് നാസിരോക്ഷം കമ്പനിയെ ആഗോളതലത്തില്‍ അകറ്റിനിര്‍ത്തിയെങ്കിലും പിന്നീട് സഖ്യരാഷ്ട്രങ്ങളുടെ പിന്തുണയോടെ ഫോക്സ്‌ വാഗന്‍ കാലുറപ്പിച്ചു. ഫോക്സ്‌ വാഗന്‍ കാറുകള്‍ കേട്ട പഴികളില്‍ ഏറ്റവും ശ്രദ്ധേയം വൃത്താകൃതിയിലുള്ള കുഞ്ഞന്‍ കാറുകളെന്നതു തന്നെ.1959-ല്‍ ഡോയല്‍ ഡെയ്ന്‍ ബേണ്‍ബാക് എന്ന പരസ്യകമ്പനിയുടെ ഒരു പരസ്യമാണ് ഫോക്‌സ് വാഗന് പിന്നീട് ശക്തിപകര്‍ന്നത്. ഈ പരസ്യത്തിലൂടെ കുഞ്ഞന്‍ ബീറ്റില്‍ ലോകപ്രശസ്തനായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook