ശ്രീനഗർ: കത്തുവയിൽ എട്ടു വയസുകാരി കൂട്ട ബലാൽസംഗത്തിന് ഇരായായി കൊല്ലപ്പെട്ട സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്. പെൺകുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പത്രപ്രസ്താവനയിലൂടെയാണ് ജമ്മു കശ്മീർ ക്രൈം ബ്രാഞ്ച് പൊലീസ് ഇതു സംബന്ധിച്ച വാർത്തകൾ നിഷേധിച്ചത്.
ഇത് സത്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കൊല്ലപ്പെടുന്നതിനു മുൻപ് പെൺകുട്ടിയെ പ്രതികൾ ബലാത്സംഗം ചെയ്തെന്നാണ് മെഡിക്കൽ വിദഗ്ധർ നൽകിയ റിപ്പോർട്ടുകളെന്നും പ്രസ്താവനയിൽ പറയുന്നു. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂട്ട ബലാൽസംഗ കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയതായും പ്രസ്താവനയിലുണ്ട്.
J&K Police rubbishes reports in sections of media on #Kathua rape case where few newspapers mentioned there was no rape quoting imaginary sources. Victim was indeed subjected to sexual assault. Hope bitter narrow politics ends over this issue now. @JmuKmrPolice @spvaid @Ahfad11 pic.twitter.com/xplI2kCQ36
— Aditya Raj Kaul (@AdityaRajKaul) April 21, 2018
കത്തുവ കേസിൽ 8 പ്രതികളാണ് ഉളളത്. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച രണ്ടു പൊലീസുകാരും പ്രതികളുടെ കൂട്ടത്തിലുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്യാൻ പദ്ധതിയിട്ട സഞ്ജി റാം ആണ് മുഖ്യപ്രതി.
ജനുവരി 10 നാണ് ബഖേർവാല നാടോടി സമുദായത്തിൽ പെട്ട പെൺകുട്ടിയെ കാണാതാവുന്നത്. വീടിനു സമീപത്തായി തന്റെ കുതിരകളെ തീറ്റാൻ കൊണ്ടുപോയതാണ് 8 വയസുകാരി. അപ്പോഴാണ് പ്രതികളിൽ ഒരാൾ കാണാതായ കുതിരയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അവിടെവച്ച് പെൺകുട്ടിയെ മയക്കി തട്ടിയെടുത്തു.
സമീപത്തെ ക്ഷേത്രത്തിൽ പാർപ്പിച്ച് 8 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ജനുവരി 14 ന് കല്ലുകൊണ്ട് തലയ്ക്കിടിച്ചു പെൺകുട്ടിയെ കൊന്നു. ജനുവരി 17നു ക്ഷേത്രത്തിനു അധികം അകലെ അല്ലാതെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.