ഭാരത് ബയോടെക് തിങ്കളാഴ്ച കൊറോണ വൈറസ് വാക്‌സിനിലെ അപകടസാധ്യതകളും നേട്ടങ്ങളും വിശദീകരിച്ചുകൊണ്ട് ഒരു “ഫാക്റ്റ് ഷീറ്റ്” പുറത്തിറക്കി. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നതിനാൽ കോവാക്സിന്റെ ഫലപ്രാപ്തിയിൽ ഇനിയും ഉറപ്പായിട്ടില്ലെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ആവർത്തിച്ചു.

ഈ മാസം ആദ്യം, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പതിവു ചോദ്യോത്തരങ്ങളുമായി സമാനമായ ഒരു പതിപ്പ് പുറത്തിറക്കിയിരുന്നു. വാക്സിൻ എടുക്കുന്നതിന് മുമ്പ് ഗുണഭോക്താക്കൾ ചില ആരോഗ്യ വിവരങ്ങൾ ഡോക്ടർമാർക്ക് വെളിപ്പെടുത്തണമെന്ന് കോവിഷീൽഡ് നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

അടിയന്തിര സാഹചര്യങ്ങളിൽ വാക്സിനുകളുടെ നിയന്ത്രിത ഉപയോഗത്തിന് അനുമതി ലഭിച്ചതിനെ തുടർന്ന് 2021 ജനുവരി 16 ശനിയാഴ്ച മുതലാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ 3.81 ലക്ഷം പേർക്ക് വാക്സിൻ നൽകിയിട്ടുള്ള നൽകിയിട്ടുണ്ട്. വാക്സിനെടുത്തവരിൽ 580 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള. കുത്തിവയ്പ് നടത്തി രണ്ടുപേർ മരിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ മരണ കാരണം വാക്സിനല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.

ഭാരത് ബയോടെക് കോവാക്സിൻ

ഇനിപ്പറയുന്ന അവസ്ഥകൾ ഉള്ളവർ കോവാക്സിൻ കഴിക്കുന്നത് ഉചിതമല്ലെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി:

1. ഏതെങ്കിലും തരം അലർജിയുള്ളവർ
2. പനിയുള്ളവർ
3. രക്തസ്രാവമുള്ളവർ
4. രോഗപ്രതിരോധശേഷി ഇല്ലാത്തവർ, അല്ലെങ്കിൽ രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന തരത്തിലുള്ള മരുന്ന് ഉപയോഗിക്കുന്നവർ
5. ഗർഭിണികൾ
6. മുലയൂട്ടുന്നവർ
7. മറ്റൊരു കോവിഡ് വാക്സിൻ സ്വീകരിച്ചവർ
8. വാക്സിൻ ദാതാവ് നിർണയിച്ച മറ്റെന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ

ഗർഭിണികളോ മുലയൂട്ടുന്നവരോ വാക്സിൻ ഉപയോഗിക്കരുതെന്ന് കമ്പനി പ്രത്യേകം പറയുന്നു. ഇരുവിഭാഗത്തിനും വാക്സിൻ എങ്ങനെ ഫലം ചെയ്യുമെന്നതിനെ കുറിച്ച് പഠനം നടത്തിയിട്ടില്ല.

“മറ്റ് വാക്സിനുകൾക്കൊപ്പം കോവാക്സിൻ ഉപയോഗിക്കുന്നത് ഉചിതമാണോ എന്നതിനെ സംബന്ധിച്ച് ഇതുവരെ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമല്ല” എന്നും അതിൽ പറയുന്നു.

കൈയുടെ മുകൾ ഭാഗത്തെ ഡെൽറ്റോയ്ഡ് പേശികളിലേക്ക് കുത്തിവയ്ക്കുന്ന കോവാക്സിൻ നാല് ആഴ്ചകൾക്കുള്ളിൽ രണ്ട് ഡോസുകൾ സ്വീകരിക്കുമ്പോഴാണ് പ്രതിരോധശേഷി നേടുന്നത്. കോവാക്സിൻ സ്വീകരിച്ചതു മൂലം കോവിഡ് ബാധിക്കാൻ സാധ്യതയില്ലെന്ന് ഭാരത് ബയോടെക് പറയുന്നു.

ഭാരത് ബയോടെക് കോവാക്സിൻ വാക്സിന്റെ പാർശ്വഫലങ്ങൾ എന്തെല്ലാം?

കുത്തിവെപ്പെടുത്ത ഭാഗത്ത് വേദന
കുത്തിവെപ്പെടുത്ത ഭാഗത്ത് വീക്കം
കുത്തിവെപ്പെടുത്ത ഭാഗം തിണർക്കൽ
കുത്തിവെപ്പെടുത്ത ഭാഗത്ത് ചൊറിച്ചിൽ
കൈയിന്റെ മുകൾ ഭാഗത്ത് കാഠിന്യം
കുത്തിവെപ്പെടുത്ത കൈയിൽ തളർച്ച അനുഭവപ്പെടാം
ശരീര വേദന
തലവേദന
പനി
അസ്വാസ്ഥ്യം
ബലഹീനത
തിണർപ്പ്
ഓക്കാനം
ഛർദ്ദി

അപൂർവമാണെങ്കിലും കോവാക്സിൻ കടുത്ത അലർജിക്ക് കാരണമാകും.

ശ്വാസ തടസം
മുഖത്തും തൊണ്ടയിലും നീർവീക്കം
ഉയർന്ന ഹൃദയമിടിപ്പ്
ശരീരത്തിലുടനീളം പാടുകൾ
തലകറക്കവും തളർച്ചയും

സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിൻ

കോവിഷീൽഡ് “എല്ലാവരേയും സംരക്ഷിച്ചേക്കില്ല” എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. വാക്സിൻ സ്വീകരിക്കുന്നവർ ഇനിപ്പറയുന്ന വിവരങ്ങൾ അവരുടെ വാക്സിനേറ്റർമാരോട് വെളിപ്പെടുത്തണം:

ഏതെങ്കിലും മരുന്ന്, ഭക്ഷണം, ഏതെങ്കിലും വാക്സിൻ എന്നിവ ഉപയോഗിച്ചതിന് ശേഷം നിങ്ങൾക്ക് എപ്പോഴെങ്കിലും കടുത്ത അലർജി (അനാഫൈലക്സിസ്) ഉണ്ടായിട്ടുണ്ടോ

* നിങ്ങൾക്ക് പനി ഉണ്ടെങ്കിൽ
* നിങ്ങൾക്ക് രക്തസ്രാവം ഉണ്ടെങ്കിൽ
* നിങ്ങൾ രോഗപ്രതിരോധശേഷിയില്ലാത്തവരാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന
മരുന്ന് കഴിക്കുകയാണെങ്കിൽ
* നിങ്ങൾ ഗർഭിണിയാണെങ്കിൽ അല്ലെങ്കിൽ ഗർഭിണിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ
* നിങ്ങൾ മുലയൂട്ടുകയാണെങ്കിൽ
* നിങ്ങൾക്ക് മറ്റൊരു കോവിഡ് -19 വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ

വാക്സിനിൽ ഇനിപ്പറയുന്ന ഘടകങ്ങൾ ഉൾപ്പെടുന്നു: എൽ-ഹിസ്റ്റിഡിൻ, എൽ-ഹിസ്റ്റിഡിൻ ഹൈഡ്രോക്ലോറൈഡ് മോണോഹൈഡ്രേറ്റ്, മഗ്നീഷ്യം ക്ലോറൈഡ് ഹെക്സാഹൈഡ്രേറ്റ്, പോളിസോർബേറ്റ് 80, എത്തനോൾ, സുക്രോസ്, സോഡിയം ക്ലോറൈഡ്, ഡിസോഡിയം എഡിറ്റേറ്റ് ഡിഹൈഡ്രേറ്റ് (ഇഡിടിഎ), കുത്തിവയ്പ്പിനുള്ള വെള്ളം. (ഇവ ഉപയോഗിച്ചതിന് ശേഷം നിങ്ങൾക്ക് അലർജി വന്നിട്ടുണ്ടെങ്കിലും അറിയിക്കണം)

കോവിഷീൽഡിൽ 0.5 മില്ലി വീതമുള്ള രണ്ട് വ്യത്യസ്ത ഡോസുകൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. വാക്സിനിലെ ആദ്യ ഡോസിനോട് കടുത്ത അലർജി ഉണ്ടായ ഒരാൾക്ക് രണ്ടാമത്തേത് നൽകരുത്.

രണ്ടാമത്തെ ഡോസ് കഴിഞ്ഞ് നാല് ആഴ്ചകൾക്കുശേഷം നിങ്ങൾക്ക് കോവിഡ് -19നെതിരായ പ്രതിരോധശേഷി നേടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കോവിഷീൽഡ് വാക്‌സിനിലെ പാർശ്വഫലങ്ങൾ എന്തെല്ലാം?

* തളർച്ച, വേദന, ഇളം ചൂട്, തിണർപ്പ്, ചൊറിച്ചിൽ, നീർവീക്കം അല്ലെങ്കിൽ ചതവ്
* ക്ഷീണം
* കുളിര് അല്ലെങ്കിൽ പനി
* തലവേദന
* ഓക്കാനം
* സന്ധി വേദന അല്ലെങ്കിൽ പേശിവേദന
* കുത്തിവെപ്പെടുത്ത ഭാഗത്ത് തടിപ്പ്
* പനി
* ഛർദ്ദി
* ശരീരത്തിന്റെ താപനില ഉയരൽ, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ഛർദ്ദി തുടങ്ങിയ പനി ലക്ഷണങ്ങൾ

അസാധാരണമായ പാർശ്വഫലങ്ങൾ:

* തലകറക്കം
* വിശപ്പ് കുറയൽ
* വയറുവേദന
* അമിതമായ വിയർപ്പ്, ചൊറിച്ചിൽ അല്ലെങ്കിൽ തിണർപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook