ബെംഗളൂരു: കർണാടകയിലെ കുശലനഗറിൽ 14 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടക് ജില്ലയിലെ സൈനിക സ്‌കൂളിലെ ടോയ്‌ലെറ്റിലാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ എൻ.പി.ചിങ്കപ്പയുടെ മൃതദേഹം കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കൾ ആരോപിച്ചു.

ടോയ്‌ലെറ്റിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. അതേസമയം, പൊലീസിനെ വിവരം അറിയിക്കാതെയാണ് സ്‌കൂൾ അധികൃതർ മകനെ സർക്കാർ ആശുപത്രിയിൽ എത്തിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്‌കൂളിലെ ഹോക്കി കോച്ചാണ് കുട്ടിയുടെ പിതാവ്.

കഴിഞ്ഞ ദിവസം കുട്ടിയുടെ കുടുംബവും നാട്ടുകാരും കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. അതിനിടെ, സംഭവത്തിൽ സ്‌കൂൾ വൈസ് പ്രിൻസിപ്പലിനെതിരെയും മറ്റു നാലു സ്‌കൂൾ ജീവനക്കാർക്കെതിരെയും കേസെടുത്തതായാണ് റിപ്പോർട്ടുകൾ. സംഭവ ദിവസം രാവിലെ കുട്ടിക്കതിരെ അച്ചടക്ക ലംഘനത്തിന്​ അധ്യാപകർ നടപടി എടുത്തിരുന്നുവെന്നും അന്ന്​ വൈകീട്ടാണ് കുട്ടിയെ അബോധാവസ്ഥയിൽ ടോയ്‌ലെറ്റിൽ കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

വൈസ്​ പ്രിൻസിപ്പലും ചില അധ്യാപകരും കുട്ടിയെ ദ്രോഹിക്കുന്നുവെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതി അവഗണിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ