ജയ്‌പൂർ: ഘാതകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിൽ ക്രൂരമായി കൊല്ലപ്പെട്ട അഫ്റാസുല്‍ ഖാന്റെ (47) കുടുംബം രംഗത്ത്. പൈശാചികമായ കൊലപാതകം നടത്തിയവരെ തൂക്കിക്കൊല്ലണമെന്ന് അഫ്റാസുലിന്റെ ഭാര്യ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ രാജസ്ഥാനിലാണ് ലൗജിഹാദ് ആരോപിച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ചു കൊന്നത്.

അഫ്റാസുല്‍ ഒരു മുസ്ലിം ആയത് കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ടതെന്നും കൊലപാതകികളെ തൂക്കിക്കൊല്ലണമെന്നും അദ്ദേഹത്തിന്റെ ഭാര്യ ഗുല്‍ ബഹര്‍ ബീബി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ രാജസ്ഥാന്‍ പൊലീസാണ് കൊലപാതക വിവരം അറിയിച്ചതെന്നും ബീബി പറഞ്ഞു.

തങ്ങള്‍ക്ക് നീതി വേണമെന്ന് അഫ്റാസുലിന്റെ മകള്‍ റജീന ഖാത്തൂന്‍ ആവശ്യപ്പെട്ടു. ‘ചൊവ്വാഴ്ച്ച പോലും അച്ഛനോട് സംസാരിച്ചതാണ്. എല്ലാ ദിവസവും അദ്ദേഹം വിളിക്കാറുണ്ട്. ലൗജിഹാദ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയില്ല. തീവച്ച് കൊലപ്പെടുത്തും മുമ്പ് മൃഗത്തെ പോലെയാണ് അവര്‍ അച്ഛനെ കൊത്തിനുറുക്കിയത്. ഇതേ രീതിയില്‍ തന്നെ അവരും അനുഭവിക്കണം. ആ വിഡിയോ ഞാനും കണ്ടു, നിസ്സഹായനായി ജീവന് വേണ്ടി കരയുന്ന എന്റെ അച്ഛനെ ഞാന്‍ കണ്ടു’, റജീന കൂട്ടിച്ചേര്‍ത്തു.

മൂന്ന് പെണ്‍മക്കളുളള അഫ്റാസുല്‍ ഈ മാസം അവസാനം ഇളയ മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി രാജസ്ഥാനില്‍ കൂലിപ്പണി ചെയ്യുകയാണ് അഫ്റാസുല്‍. ഓരോ രണ്ട് മാസം കൂടുമ്പോഴുമാണ് അദ്ദേഹം വീട്ടിലേക്ക് വരാറുളളതെന്ന് കുടുംബം പറയുന്നു.

രാജ്‌സമന്ത് ജില്ലയിലെ റോഡരികിൽ നിന്ന് പൊലീസ് അഫ്രാസുല്ലിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ചാണ് പ്രതി അഫ്റാസുലിനെ കൊന്നത്. ഇതിന്റെ വിഡിയോ ക്യാമറയിൽ പകർത്തിയ ശേഷം ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിഡിയോ പ്രചരിക്കുന്നത് തടയാൻ രാജസ്ഥാനിലെ രാജ്‌സമന്തിൽ ഇന്റർനെറ്റ് സർക്കാർ നിരോധിച്ചു. വിഡിയോ ദൃശ്യങ്ങളിൽ നിന്നും കൊലപാതകി ശംഭു ലാൽ എന്ന രാജ്‌സമന്ത് സ്വദേശിയാണെന്ന് വ്യക്തമായി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ