പഞ്ചാബ് സ്വദേശിയ കരംജീത് കൗര്‍ 2018-ല്‍ കാനഡയില്‍ എത്തിയതിന് പിന്നാലെയാണ് ഏജന്റിന്റെ കോള്‍ വരുന്നത്. കരംജീത്തിനായി കരുതി വച്ച സീറ്റ് നഷ്ടമായി എന്നായിരുന്നു ഏജന്റ് നല്‍കിയ വിവരം. കാനഡയില്‍ ആദ്യമായെത്തിയ കരംജീത്തിന് അത് വലിയ തിരിച്ചടിയായിരുന്നെങ്കിലും പിന്നീട് അപേക്ഷ നല്‍കി എഡ്മോണ്ടണിലെ കോളജില്‍ പ്രവേശനം നേടുകയായിരുന്നു.
ബിരുദവും നേടുകയും കാനഡയില്‍ തന്നെ ജോലി സ്വന്തമാക്കുകയും ചെയ്ത കരംജീത് 2021-ലാണ് പെര്‍മെനന്റ് റെസിഡന്‍സിക്കായി (പിആര്‍) അപേക്ഷിക്കുന്നത്. പിആര്‍ നേടുക എന്നതാണ് കാനഡയിലെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ലക്ഷ്യം. സാധാരണഗതിയില്‍ പിആര്‍ നേടുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ ഒന്നല്ല.
പക്ഷെ, കരംജീത്തിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. അവൾ അപേക്ഷ സമർപ്പിച്ച് അധികം താമസിയാതെ, കനേഡിയൻ ബോർഡർ ആൻഡ് സർവീസസ് ഏജൻസി (സിബിഎസ്എ) വ്യാജ അഡ്മിഷന്‍ ലെറ്റര്‍ ഉപയോഗിച്ചാണ് കാനഡയിൽ പ്രവേശിച്ചതെന്ന് അറിയിച്ചു. കരംജീത് കണ്ടെത്തി. ജലന്ധറിലെ ഏജന്റ് ഫൊട്ടോഷോപ്പ് ചെയ്ത് നല്‍കുകയായിരുന്നു.
എന്നാല്‍ കരംജീത് മാത്രമല്ല ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുള്ളത്. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ അനുസരിച്ച് എഴുനൂറോളം വിദ്യാര്‍ഥികളാണ് ബാധിക്കപ്പെട്ടവരിലുള്‍പ്പെട്ടിരിക്കുന്നത്. സുരക്ഷ ചൂണ്ടിക്കാണിച്ച് സിബിഎസ്എ ഇക്കാര്യം സ്ഥിരീകരിക്കാനൊ നിഷേധിക്കാനൊ തയാറായിട്ടില്ല. എന്നാല്‍ അഭിഭാഷകരില്‍ നിന്ന് ഇന്ത്യന്‍ എക്സ്പ്രസിന് മനസിലാക്കാനായത് നിരവധി കേസുകളുണ്ടെന്നാണ്.
ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ഒരു പഞ്ചാബി റേഡിയോ ടോക്ക് ഷോ അവതരിപ്പിക്കുന്ന ഷമീൽ ജസ്വിർ തന്റെ ഷോയിലൂടെ വിഷയം ചര്‍ച്ചയ്ക്ക് എത്തിച്ചു. ബ്രിജേഷ് മിശ്ര എന്ന ഏജന്റുമായുള്ള അനുഭവങ്ങൾ പങ്ക് വച്ചുകൊണ്ട് നിരവധി വിദ്യാര്‍ഥികളുടെ കോളുകളാണ് ലഭിച്ചത്. ബ്രിജേഷ് മിശ്രയുടെ തട്ടിപ്പ് ഇരയായ വിദ്യാര്‍ഥികള്‍ നൂറിലധികമാണെന്നാണ് ജസ്വിര്‍ പറയുന്നത്.
ഇമിഗ്രേഷൻ അഭിഭാഷകൻ ജസ്വന്ത് മങ്ങാട്ട് ഇത്തരം ഡസൻ കണക്കിന് കേസുകളാണ് കൈകാര്യം ചെയ്യുന്നത്. “ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ഈ വിദ്യാർത്ഥികളെ അവർ ഒരു തട്ടിപ്പ് നടത്തിയതുപോലെയാണ് നോക്കി കാണുന്നത്. എന്നാല്‍ ഈ വിദ്യാർത്ഥികൾ യഥാർത്ഥത്തിൽ ഇരകളാണെന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിയുന്നത്,” ജസ്വന്ത് വ്യക്തമാക്കി.
കനേഡിയന്‍ ഇമിഗ്രേഷന്‍ ഓഫിസര്‍മാരുടെ ഭാഗത്തും തെറ്റുണ്ടെന്ന് ജസ്വന്ത് ചൂണ്ടിക്കാണിച്ചു. വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കാതെ വിസ നല്‍കിയത് വീഴ്ചയാണെന്ന് ജസ്വന്ത് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വിവരിക്കാനുള്ള അവസരം ബാധിക്കപ്പെട്ടവര്‍ക്കുണ്ടാകുമെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു വക്താവ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 5.5 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ് കാനഡയില്‍ എത്തിയത്. ഇതില്‍ പകുതിയിലധികം ഇന്ത്യയില്‍ നിന്നുള്ളവരാണ്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ധിച്ചേക്കാമെന്നാണ് ജസ്വിറും ജസ്വന്തും പറയുന്നത്.