കള്ളനോട്ടും കള്ളപ്പണവും തടയാന്‍ വേണ്ടിയാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്. എന്നാല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിയും മുമ്പേ തന്നെ വ്യാജ നോട്ടുകള്‍ രാജ്യത്ത് ഒഴുകാന്‍ തുടങ്ങി.

വ്യാജനോട്ടുകള്‍ അച്ചടിക്കുന്ന നമ്മുടെ അയല്‍രാജ്യത്തെ കൂടി ലക്ഷ്യമിട്ടാണ് നോട്ട് നിരോധിച്ചതെങ്കിലും അതിര്‍ത്തി വഴിയും വ്യാജനോട്ട് ഒഴുകിവന്നു. 500,1000 പുതിയ നോട്ടുകളുമായി ജനങ്ങള്‍ കൂടുതല്‍ സുപരിചിതരല്ലാത്തതും വ്യാജനോട്ടുകള്‍ തിരിച്ചറിയുന്നതിന് വിലങ്ങുതടിയായി നില്‍ക്കുന്നു.

നിലവിലുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായ 2000 രൂപയുടെ വ്യാജനോട്ടുകള്‍ തിരിച്ചറിയാനുള്ള ചില വഴികളാണ് ഇവിടെ ചേര്‍ക്കുന്നത്.

ഇളം ചുവപ്പു നിറത്തിലാണ് നമ്മുടെ 2000 രൂപ നോട്ടുകള്‍ അച്ചടിച്ച് വരുന്നത്. 66x 166 മി.മി. വലുപ്പമുള്ള നോട്ട് മഹാത്മാഗാന്ധി പുതിയ സീരിസിലാണ് വരുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിലെ കണ്ണടയ്ക്കുള്ളിൽ ആർബിഐ എന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നു. ഭൂതക്കണ്ണാടി ഉപയോഗിച്ച് നോക്കിയാൽ ഇത് വ്യക്തമായി കാണാം.

നോട്ടിന് നടുവിലായി പച്ചനിറത്തിലുള്ള തടിച്ച സെക്യൂരിറ്റി ത്രെഡ്. ഇതിൽ ഭാരത്(ഹിന്ദിയിൽ), ആർബിഐ, 2000 എന്ന് മുദ്രണം. നോട്ട് ചരിക്കുന്നതിന് അനുസരിച്ച് ഈ വരയുടെ നിറം മാറുന്നു. വലത് വശത്ത് അശോകസ്തംഭത്തിന് മുകളിൽ ചെറിയ ദീർഘചതുരത്തിൽ 2000 രൂപയെന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നു. ഇത് തടവി നോക്കിയാൽ അറിയാം. നോട്ടിന്‍റെ ഇടത് വശത്ത് താഴെയുള്ള സുതാര്യമായ സ്ഥലം വെളിച്ചത്തിന് എതിരായി പിടിച്ചാൽ 2000 എന്ന് എഴുതിയിരിക്കുന്നത് കാണാം.

ഇടത് വശത്ത് അതാര്യമായ ദീർഘചതുരം 45 ഡിഗ്രിയിൽ നോക്കിയാൽ 2000 എന്ന് കാണാം. വലത് വശത്ത് ഗാന്ധിയുടെ ചിത്രത്തിന്‍റെ വാട്ടർമാർക്കും 2000 എന്നതിന്‍റെ വാട്ടർമാർക്കും. നോട്ടിന്‍റെ വലത് വശത്ത് താഴെ സീരീസ് നമ്പർ പ്രിന്‍റ് ചെയ്തിരിക്കുന്ന് ചെറിയ ഫോണ്ട് വലിപ്പത്തിൽ നിന്ന് വലുതിലേക്കാണ്. നോട്ടിന്‍റെ ഇടത് വശത്ത് ഏഴ് തടിച്ച വരകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ