ന്യൂഡൽഹി: നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നതിന്റെ പ്രശ്‌നങ്ങൾ പൂർണമായും മാറുന്നതിനിടെ പുതിയ 2000 രൂപയുടെ നോട്ടിന്റെ വ്യാജൻ പാകിസ്ഥാനിൽ നിന്നു ഇന്ത്യയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിലൂടെ കളളകടത്തുകാർ പാകിസ്ഥാനിൽ നിന്നു കളളപണം കടത്തുന്നുവെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)യും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും അറിയിച്ചു. കളളപണവുമായി എത്തിയ ചിലരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 8ന് ബംഗാളിലെ മാൽഡ സ്വദേശിയായ അസിസൂർ റഹ്‌മാൻ എന്നയാളിൽ നിന്നും 2000ത്തിന്റെ 40 കളളനോട്ടാണ് മുർഷിദാബാദിൽ നിന്നും പിടിച്ചെടുത്തത്. ഈ നോട്ടുകൾ പാകിസ്ഥാനിൽ നിന്നും അച്ചടിച്ച് കൊണ്ടുവന്നതാണെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കളളനോട്ടിന്റെ ഗുണമേന്മയനുസരിച്ച് 400-600 രൂപ വരെയാണ് ഓരോ 2000ത്തിന്റെ നോട്ടിനും കളളക്കടത്തുകാർ നൽകുന്നത്. പുതിയ 2000ത്തിന്റെ നോട്ടിന്റെ 17 സുരക്ഷാ ഫീച്ചറുകളിൽ 11 എണ്ണവും കളളനോട്ടിൽ അതേപടി പകർത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. നഗ്ന നേത്രങ്ങൾകൊണ്ട് കളളനോട്ട് തിരിച്ചറിയാൻ അതുമൂലം ബുദ്ധിമുട്ടാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.