ന്യൂഡൽഹി: നോട്ട് പ്രതിസന്ധി മൂലം ജനം നെട്ടോട്ടമോടുമ്പോൾ എടിഎമ്മിൽ നിന്നു തന്നെ കളളനോട്ട് ലഭിച്ചു. സൗത്ത് ഡൽഹിയിലെ സംഗം വിഹാറിലെ എസ്ബിഐയുടെ എടിഎമ്മിൽ നിന്നാണ് 2000 രൂപയുടെ നാല് കളളനോട്ട് ലഭിച്ചത്. ഒറ്റ നോട്ടത്തിൽ യഥാർഥ നോട്ടാണെന്ന് തോന്നുമെങ്കിലും നിരവധി വ്യത്യാസങ്ങൾ ഈ നോട്ടുകളിലുണ്ട്. എന്നാൽ ഇവയെങ്ങനെ എടിഎമ്മിൽ എത്തി എന്നതു സംബന്ധിച്ച് എസ്ബിഐയും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതുന്ന സ്ഥലത്ത് നോട്ടിൽ ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടിന്റെ മൂല്യത്തിന് കേന്ദ്ര സർക്കാർ നൽകുന്ന ഉറപ്പിന് പകരം ‘കുട്ടികളുടെ സർക്കാരാ’ണ് ഗാരന്റി നൽകിയിരിക്കുന്നത്. 2000 രൂപ എന്ന് അക്കത്തിൽ എഴുതിയ ഭാഗത്ത് രൂപയുടെ ചിഹ്നം ഇല്ല എന്നു മാത്രമല്ല സീരിയൽ നമ്പർ മുഴുവൻ പൂജ്യമാണ്. റിസര്‍വ് ബാങ്കിന്റെ സീലിന് പകരം ഇംഗ്ലീഷില്‍ പികെ എന്നെഴുതിയ ലോഗോയാണുള്ളത്. ഇങ്ങനെ നിരവധി മാറ്റങ്ങളാണ് ഈ കളളനോട്ടിലുളളത്.
ഡൽഹിയിൽ കോള്‍ സെന്റര്‍ ജീവനക്കാരനായ രോഹിതിനാണ് എടിഎമ്മിൽ നിന്ന് കളളനോട്ട് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി ആറിന് 8000 രൂപയാണ് ഇയാൾ പിൻവലിച്ചത്. ലഭിച്ച നാല് 2000ത്തിന്റെ നോട്ടുകളും വ്യാജനായിരുന്നു. ഇതേത്തുടർന്ന് രോഹിത് പൊലീസിൽ പരാതി നൽകി. പൊലീസ് എടിഎമ്മിൽ നേരിട്ടെത്തി ഒരു 2000ത്തിന്റെ നോട്ട് പിൻവലിച്ചതും കളളനോട്ടായിരുന്നു. എന്നാൽ വീണ്ടും പണം പിൻവലിച്ചപ്പോൾ യഥാർഥ നോട്ടുകൾ തന്നെ ലഭിക്കുകയും ചെയ്‌തു.
എന്നാല്‍ സമാനമായ പരാതിയുമായി മറ്റാരും പൊലീസിനെ സമീപിച്ചിട്ടില്ല. ഒരു കെട്ട് നോട്ടിലെ തന്നെ ചിലത് മാത്രം ഇത്തരത്തിൽ കളളനോട്ട് ആയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഏതായാലും കറൻസി നോട്ടിന് സമാനമായവ നിർമിച്ചതിന് വിവിധ സെക്‌ഷനുകൾ ഉൾപ്പെടുത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ട്.