കൊല്‍ക്കത്ത: റിപബ്ലിക് ടിവിക്കെതിരെ കേസ് എടുക്കുമെന്ന് അറിയിച്ച് കൊല്‍ക്കത്ത പൊലീസ് ചീഫ് എഡിറ്ററായ അര്‍ണബ് ഗോസ്വാമിക്ക് കത്തയച്ചു. റിപബ്ലിക് ടിവിയുടെ സഹോദര സ്ഥാപനമായ റിപബ്ലിക് ഭാരതിനെതിരേയും കേസെടുക്കുമെന്ന് പൊലീസ് കത്തില്‍ അറിയിച്ചു. ഫെബ്രുവരി 2ന് സംപ്രേഷണം ചെയ്ത വാര്‍ത്ത വ്യാജമാണെന്ന് കാണിച്ചാണ് കൊല്‍ക്കത്ത എസിപി കത്ത് അയ്യച്ചത്. കമ്മീഷണര്‍ രാജീവ് കുമാറിനെ കാണാനില്ലെന്ന് പറഞ്ഞാണ് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് നല്‍കിയത്.

കമ്മീഷണറുടെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് ഗോസ്വാമി ശ്രമിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ‘ആ റിപ്പോര്‍ട്ടില്‍ ഒരംശം പോലും സത്യമില്ല. കമ്മീഷണര്‍ നഗരത്തില്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അദ്ദേഹം അന്ന് ഓഫീസിലും എത്തിയിരുന്നു, ജനുവരി 31ന് മാത്രം അദ്ദേഹം അവധിയിലായിരുന്നു. ഈ തെറ്റായ വിവരങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. കമ്മീഷണറേയും കൊല്‍ക്ക പൊലീസിനേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് നിങ്ങളുടെ ചാനല്‍ ഈ വാര്‍ത്ത സംപ്രേഷണം ചെയ്തത്,’ കത്തില്‍ ആരോപിക്കുന്നു.

മൂന്ന് ദിവസത്തിനകം കത്തിന് മറുപടി നല്‍കാനും, എന്തിനാണ് ഈ വാര്‍ത്ത നല്‍കിയതെന്ന് വ്യക്തമാക്കാനും, അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാതിരിക്കണമെങ്കില്‍ കാരണം കാണിക്കാനും കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം താന്‍ അറസ്റ്റിന് തയ്യാറാണെന്നാണ് ഗോസ്വാമി പറഞ്ഞതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മമതാ ബാനര്‍ജിയുടേയും അവരുടെ പൊലീസിലെ ശിങ്കിടികളുടേയും കൈകളാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ഞാന്‍ തയ്യാറാണ്. കൊല്‍ക്കത്ത പൊലീസിലെ പിണിയാളുകളെ കൊണ്ട് എന്നെ വിരട്ടാമെന്ന് മമത ചിന്തിക്കണ്ട. ‘ശാരദാ അഴിമതി മൂടിവെച്ച കമ്മീഷണറുടെ പങ്ക് പുറത്തുവിട്ടതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ ഗോസ്വാമി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook