പുനെ:അദാര്‍ പൂനവല്ലയെന്ന വ്യാജേന അജ്ഞാതരായ സൈബര്‍ തട്ടിപ്പ് സംഘം വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ പുനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ)ക്ക് ഒരു കോടി രൂപ നഷ്ടപ്പെട്ടു. സിഇഒ പൂനവല്ലയുടെ നമ്പരില്‍ നിന്ന് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് വാട്‌സാപ്പ് സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍ സാഗര്‍ കിറ്റൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബണ്ട്ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ എഫ്ഐആര്‍ പ്രകാരം സെപ്റ്റംബര്‍ 7 ഉച്ചയ്ക്ക് 1.35 നും സെപ്റ്റംബര്‍ 8 ന് 2.30 നും ഇടയിലാണ് സംഭവം നടന്നത്. കമ്പനി ഡയറക്ടര്‍ സതീഷ് ദേശ്പാണ്ഡെയ്ക്ക് പൂനവല്ലയുടെ നമ്പറില്‍ നിന്ന് ഏതാനും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതനുസരിച്ച് കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് 1,01,01,554 രൂപ ആ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ പണം കൈമാറണമെന്ന് ആവശ്യപ്പെട്ട് പൂനവല്ല സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന് ബോധ്യമായതോടെ അധികൃതര്‍ പൊലീസിനെ സമീപിക്കുകയുമായിരുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി സെക്ഷന്‍ 419, 420,34 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍, വാട്സ്ആപ്പ് സന്ദേശം അയച്ചവര്‍, പണം കൈമാറിയ ബാങ്ക് അക്കൗണ്ട് ഉടമകള്‍ എന്നിവരെ കണ്ടെത്തി പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇന്ത്യന്‍ ബയോടെക്‌നോളജി ആന്‍ഡ് ബയോഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയാണ്, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളുമാണ്. ഇന്ത്യയില്‍ ഉപയോഗത്തിലുള്ള പ്രധാന കോവിഡ് -19 വാക്‌സിനായ കോവിഷീല്‍ഡിന്റെ നിര്‍മ്മാതക്കളാണ് കമ്പനി.