ജയ്‌പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവത്’ സിനിമയ്ക്കെതിരെയുള്ള പ്രതിഷേധം പിന്‍വലിക്കാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് രജ്പുത് കര്‍ണി സേന തലവന്‍ ലോകേന്ദ്ര സിങ് കല്‍വി. വ്യാജ വാര്‍ത്തയുണ്ടാക്കിയത് ‘വ്യാജ കര്‍ണി സേന’ ആണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയില്‍ നിരവധി വ്യാജ കര്‍ണി സേന പ്രവര്‍ത്തിക്കുന്നുണ്ട്. തെറ്റായ താൽപര്യം വച്ച് എട്ടോളം ഇത്തരം സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ തങ്ങളില്‍ പെട്ടവരല്ല’, അദ്ദേഹം പറഞ്ഞു.

ചിത്രം രജ്പുത് വംശത്തിന്റെ മഹത്വത്തെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നു പറഞ്ഞാണ് പ്രതിഷേധം പിന്‍വലിക്കാന്‍ കര്‍ണി സേന ആഹ്വാനം നടത്തിയതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കര്‍ണി സേനയുടെ ദേശീയ അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗൊഗമാഡിയുടെ നിര്‍ദ്ദേശപ്രകാരം മുംബൈ നേതാവ് യോഗേന്ദ്ര സിങ് കട്ടര്‍ ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു ഇന്നലെ റിപ്പോര്‍ട്ട് വന്നത്.

പത്മാവത് എന്ന ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും രജ്പുത് വംശജരേയും റാണി പത്മാവതിയേയും അപമാനിക്കുന്നതാണെന്നും ആരോപിച്ച് രാജ്യത്താകമാനം കര്‍ണി സേന പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ‘പത്മാവതി’ എന്ന പേര് ‘പത്മാവത്’ ആക്കി മാറ്റിയത്.

ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. കര്‍ണി സേന ഉള്‍പ്പെടെ നിരവധി ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കു നടുവിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ