ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലെ അംഗമായ രമേഷ് പൊഖ്രിയാല്‍ നിഷാങ്കിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന് ആരോപണം. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയാണ് ഇയാള്‍. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയും പ്രതിരോധത്തിലായിരുന്നു. അതിനു പിന്നാലെയാണ് പുതിയ ആരോപണം.
രണ്ട് ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് രമേഷ് പൊഖ്രിയാല്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇത് രണ്ടും വ്യാജമാണെന്നാണ് ആരോപണം. ശ്രീലങ്ക കേന്ദ്രീകരിച്ചുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് രണ്ട് ഡോക്ടറേറ്റുകളെന്നുമാണ് അവകാശപ്പെടുന്നത്.
Read More: ആര്‍ട്സ് മാറി കൊമേഴ്സ് ആയി, ബിരുദം ഇല്ലെന്ന് കുറ്റസമ്മതവും: ‘ക്യൂരിയസ് കേസ് ഓഫ് സ്മൃതി ഇറാനി’
ശ്രീലങ്കയിലെ കൊളംബോ ആസ്ഥാനമായുള്ള ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ (OIU) നിന്നാണ് ഇവ ലഭിച്ചതെന്നാണ് വാദം. ശാസ്ത്രത്തിലും സാഹിത്യത്തിലുമാണ് ഡോക്ടറേറ്റ് എന്ന് ഇദ്ദേഹം പറയുന്നു. 90 കളില്‍ പ്രസ്തുത ശ്രീലങ്കന്‍ സര്‍വ്വകലാശാല ആദ്യം സാഹിത്യത്തിലും കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ശാസ്ത്രത്തിലും ഡി ലിറ്റ് ബിരുദം നല്‍കിയെന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നാൽ, തനിക്ക് ഡോക്ടറേറ്റ് ലഭിച്ചെന്ന് പൊഖ്രിയാൻ അവകാശപ്പെടുന്ന ഓപ്പൺ യൂണിവേഴ്സിറ്റി ഒരു വിദേശ സർവകലാശാലയായോ ആഭ്യന്തര സർവകലാശാലയായോ രജിസ്റ്റർ ചെയ്യപ്പെട്ടതല്ല എന്ന് ശ്രീലങ്ക യൂണിവേഴ്സിറ്റ് ഗ്രാന്റ് കമ്മീഷൻ വ്യക്തമാക്കുന്നു. രജിസ്റ്റർ ചെയ്യാത്ത യൂണിവേഴ്സിറ്റിയിൽ നിന്നാണ് പൊഖ്രാൻ തനിക്ക് ഡോക്ടർ ലഭിച്ചതെന്ന് ഇപ്പോഴും അവകാശപ്പെടുന്നത്.
Read More: ‘പിജി ഇല്ലാതെ എംഫിൽ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ജെയ്റ്റ്‌ലി
വ്യാജ ഡോക്ടറേറ്റിന് പുറമേ പൊഖ്രിയാന്റെ ജനന തീയതിയിലെ വെെരുദ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 1959 ഓഗസ്റ്റ് 15 ആണ് ബയോഡാറ്റയിലെ ജനന തിയ്യതി. എന്നാല്‍ 1959 ജൂലൈ 15 എന്നാണ് പാസ്‌പോര്‍ട്ടിലുള്ളത്. ഫേസ്ബുക്കിലടക്കം ഡോക്ടർ രമേഷ് പൊഖ്രിയാൽ എന്നാണ് അദ്ദേഹം പേര് നൽകിയിരിക്കുന്നതും.
വ്യാജ ഡോക്ടറേറ്റ്, ജനന തീയതി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും പൊഖ്രിയാൻ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയായി സ്ഥാനമേറ്റു കഴിഞ്ഞു. പ്രതിപക്ഷം ഇതൊരു ആയുധമായി പ്രയോഗിക്കാനും ആരംഭിച്ചു. എന്നാൽ, ആരോപണങ്ങൾക്കൊന്നും മന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല. എല്ലാ ആരോപണങ്ങളെയും അദ്ദേഹം തള്ളി കളയുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ച സമയത്താണ് സ്മൃതി ഇറാനിയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വലിയ ചർച്ചയായത്. ബിരുദധാരിയല്ലെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾ അംഗീകരിച്ചായിരുന്നു സ്മൃതി ഇറാനി പത്രിക സമർപ്പിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയുടെ വിദൂര പഠന സംവിധാനത്തിലൂടെ ബിരുദത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായിട്ടില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി.
1991ൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. 1993ല്‍ സീനിയർ സ്കൂൾ പരീക്ഷയും പാസായിട്ടുണ്ടെന്ന് സ്മൃതി നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയിരിക്കുന്നു.2004ൽ ചാന്ദ്നി ചൗക്കിൽ നിന്ന് മത്സരിച്ചപ്പോൾ 1996ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎയിൽ ബിരുദം നേടിയിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ആര്‍ട്സ് പഠിച്ചില്ലെന്നും കൊമേഴ്സാണ് തുടങ്ങി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതെന്നാണ് സ്മൃതി വ്യക്തമാക്കുന്നത്. 2014ൽ മത്സരിച്ചപ്പോൾ 1994ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബികോമിൽ ബിരുദം നേടിയിരുന്നെന്ന് സ്മൃതി വ്യക്തമാക്കി.