/indian-express-malayalam/media/media_files/uploads/2018/11/baisoya.jpg)
ന്യൂഡൽഹി: വ്യാജ ബിരുദ ആരോപണത്തെ തുടർന്ന് ഡൽഹി സർവ്വകലാശാല യൂണിയൻ പ്രസിഡന്റ് അൻകിവ് ബസോയയെ എബിവിപിയിൽ നിന്നും പുറത്താക്കി. കൂടാതെ സർവ്വകലാശാല യൂണിയൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിയാനും അൻകിവിനോട് എബിവിപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ 13ന് എൻഎസ്‌യുഐ സ്ഥാനാർത്ഥി സണ്ണി ഛില്ലറിനെ പരാജയപ്പെടുത്തിയാണ് അൻകിവ് ബസോയ ഡൽഹി സർവ്വകലാശാല യൂണിയൻ പ്രസിഡന്റ് ആകുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ എൻഎസ്‌യുഐ അൻകിവിന്റ ബിരുദത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ഡൽഹി സർവ്വകലാശാലയിലെ ബുദ്ധിസ്‌റ്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിൽ പ്രവേശനം നേടിയത് വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ചാണെന്ന് ആരോപണം ഉയർന്നിരുന്നു. തിരുവള്ളുവർ സർവ്വകലാശലയിൽ നിന്ന് ബിരുദം നേടി എന്ന് അവകാശപ്പെട്ടാണ് അൻകിവ് ബസോയ ഡൽഹി സർവ്വകലാശാലയിൽ പ്രവേശനം നേടുന്നത്. ഡൽഹി സർവ്വകലാശാല അധികൃതർ വ്യാജ ബിരുദ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
എബിവിപി തിരഞ്ഞെടുപ്പിൽ വിജയിച്ച നാൾ മുതൽ എൻഎസ്‌യുഐയും മറ്റ് വിദ്യാർത്ഥി സംഘടനകളും അൻകിവിനെതിരെ വ്യാജ ബിരുദ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി സത്യം തെളിയിക്കണം എന്ന് എബിവിപി സർവ്വകലാശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥികളുടെ മുന്നിൽ അൻകിവ് ബസോയയുടെ സത്യസന്ധത തെളിയിക്കുന്നത് വരെ അൻകിവ് ബസോയയോട് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നെന്ന് എബിവിപി ദേശീയ മാധ്യമ കൺവീനർ മോണിക ചൗധരി പറഞ്ഞു.
ഡൽഹി സർവ്വകലാശാല അധികൃതരോട് ഇത് സംബന്ധിച്ച അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എന്ത് കൊണ്ടാണ് ഇതിന് താമസം വരുന്നതെന്ന് അറിയില്ല. കെട്ടിച്ചമച്ച പരാതിയാണ് അൻകിവ് ബസോയയ്ക്കെതിരെ നൽകിയിരുന്നത്. എന്നാൽ അൻകിവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നിയമ നടപടികൾ നേരിടാൻ ബാധ്യസ്ഥനാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഭരത് ഖട്ടാന പറഞ്ഞു.
ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ പരാതി സമ്മർപ്പിച്ചിട്ടുണ്ട്. നവംബർ 20 ന് വിധി പ്രഖ്യാപിക്കുമ്പോൾ അത് അൻകിവിനെതിരായിരിക്കും. ഇത്തരം സമ്മർദത്തെ തുടർന്ന് മുഖം രക്ഷിക്കാനാണ് അൻകിവിനെ എബിവിപി പുറത്താക്കിയത്. അല്ലാതെ ആദർശത്തെ തുടർന്നല്ലെന്ന് എൻഎസ്‌യുഐ നേതാവ് രുചി ഗുപ്ത പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.