ന്യൂഡൽഹി: കലാപം ബംഗാളിനെ പിടിച്ചുലക്കുന്പോഴാണ് ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് ഫെയ്സ്ബുക്കിൽ ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ വ്യക്തമാക്കാനായി ഒരു ചിത്രം പോസ്റ്റ് ചെയ്തത്. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപം നന്നായി മുതലെടുക്കാൻ തന്നെയായിരുന്നു നേതാവിന്റെ ശ്രമം. എന്നാൽ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാൻ വനിത നേതാവ് പുറത്തു വിട്ട ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിജെപിയുടെ ഹരിയാന സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ വിജേന്ത് മാലിക്ക് ഹിന്ദു സ്ത്രീകളുടെ അവസ്ഥ വെളിവാക്കുന്ന ചിത്രമെന്ന് പറഞ്ഞ് പുറത്തുവിട്ടത് ബോജ്പുരി സിനിമയിലെ ഒരു രംഗമായിരുന്നു. കള്ളത്തരം കയ്യോടെ പിടിച്ച സോഷ്യല്‍ മീഡിയയിൽ ഇവര്‍ക്കെതിരെ പ്രതിഷേധവും പരിഹാസവും നിറയുകയാണ്.

മനോജ് തിവാരിയുടെ ‘ഔറത്ത് ഖിലോന നഹി’ എന്ന ചിത്രത്തിലെ രംഗമാണ് ബിജെപി നേതാവ് ഹിന്ദു സ്ത്രീക്കെതിരായ അതിക്രമമെന്ന നിലയില്‍ പ്രചരിപ്പിച്ചത്. ഹിന്ദു സ്ത്രീ പരസ്യമായി അപമാനിക്കപ്പെടുന്നുവെന്നും എന്തുകൊണ്ട് ആരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നില്ലെന്നുമായിരുന്നു മാലിക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. എന്തു കൊണ്ട് മമത ബാനര്‍ജി ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും അവര്‍ പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

11-ാം ക്ലാസ്‌ വിദ്യാർഥിയുടെ അപകീർത്തികരമായ ഫേസ്ബുക്ക്‌ പോസ്റ്റാണ്‌ ബംഗാളിലെ ബസീറ സബ്‌ ഡിവിഷനിലെ ബദുരിയിൽ സംഘർഷമുണ്ടാകാൻ കാരണമായത്‌. ഒരു മതത്തിന്റെ വിശുദ്ധകേന്ദ്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു വിദ്യാർഥിയുടെ ഫേസ്ബുക്ക്‌ പേസ്റ്റ്‌. തുടർന്ന്‌ വിദ്യാർഥിയെ പൊലീസ്‌ അറസ്റ്റു ചെയ്തിരുന്നു. കൂടാതെ മേഖലയിൽ നിരോധാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

ബംഗാളിൽ കലാപം സൃഷ്ടിച്ച് ശക്തിപ്പെടാൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് എരിതീയിൽ എണ്ണയൊഴിക്കാൻ വനിതാ നേതാവ് വ്യാജ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ