scorecardresearch
Latest News

ഫൈസ് അഹമ്മദിന്റെ വരികൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് പിൻവലിച്ച് സിബിഎസ്ഇ

എൻസിആർടിയുടെ പത്താം ക്ലാസ് പാഠപുസ്തകമായ “ജനാധിപത്യ രാഷ്ട്രീയം II”-ലെ “മതം, വർഗീയത, രാഷ്ട്രീയം – വർഗീയത, മതേതര രാഷ്ട്രം” എന്ന പാഠഭാഗത്തിലാണ് ഫൈസ് അഹമ്മദ് ഫൈസിന്റെ ഉറുദു ഭാഷയിലുള്ള രണ്ട് കവിതകളിൽ നിന്നുള്ള വിവർത്തനം ചെയ്ത ഭാഗങ്ങൾ ഉണ്ടായിരുന്നത്.

ഫൈസ് അഹമ്മദിന്റെ വരികൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് പിൻവലിച്ച് സിബിഎസ്ഇ

കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വരികൾ പാഠപുസ്തകത്തിൽ നിന്ന് പിൻവലിച്ച് സിബിഎസ്ഇ. വ്യാഴാഴ്ച പുറത്തിറക്കിയ സിബിഎസ്ഇയുടെ 2022-23 ലേക്കുള്ള പാഠ്യപദ്ധതിയിൽ നിന്നാണ് വരികൾ ഒഴിവാക്കിയിരിക്കുന്നത്. എൻസിആർടിയുടെ പത്താം ക്ലാസ് പാഠപുസ്തകമായ “ജനാധിപത്യ രാഷ്ട്രീയം II”-ലെ “മതം, വർഗീയത, രാഷ്ട്രീയം – വർഗീയത, മതേതര രാഷ്ട്രം” എന്ന പാഠഭാഗത്തിലാണ് ഫൈസ് അഹമ്മദ് ഫൈസിന്റെ ഉറുദു ഭാഷയിലുള്ള രണ്ട് കവിതകളിൽ നിന്നുള്ള വിവർത്തനം ചെയ്ത ഭാഗങ്ങൾ ഉണ്ടായിരുന്നത്.

“പേജ് 46, 48, 49 ലെ ചിത്രങ്ങൾ ഒഴികെ” പത്താം ക്ലാസിലെ സോഷ്യൽ സയൻസിൽ വരുന്ന ഭാഗം, മതം, വർഗീയത, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള ഭാഗം പാഠപുസ്തകത്തിൽ തുടരുമെന്നും സിബിഎസ്ഇ പറയുന്നു. രണ്ട് പോസ്റ്ററുകളും ഒരു രാഷ്ട്രീയ കാർട്ടൂണുമാണ് പരാമർശിച്ചിരിക്കുന്ന ചിത്രങ്ങൾ.

ഫൈസിന്റെ വരികൾ ചേർത്ത പോസ്റ്ററുകളിലൊന്ന്, സാമൂഹിക പ്രവർത്തകരായ ഷബ്‌നം ഹാഷ്മിയും ഹർഷ് മന്ദറും സ്ഥാപിച്ച എൻ‌ജി‌ഒ അൻഹാദ് (ആക്‌റ്റ് നൗ ഫോർ ഹാർമണി ആൻഡ് ഡെമോക്രസി) ആണ് പുറത്തിറക്കിയത്.

രണ്ട് പോസ്റ്ററുകളും കാർട്ടൂണും മാത്രമാണ് നിലവിൽ ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ ഒഴിവാക്കാനുള്ള കാരണം സംബന്ധിച്ച ഇന്ത്യൻ എക്‌സ്പ്രസിന്റെ ചോദ്യങ്ങളോട് സിബിഎസ്ഇ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഫൈസിന്റെ വരികൾ ചേർത്ത രണ്ടാമത്തെ പോസ്റ്റർ പുറത്തിറക്കിയത്. 1974ൽ ധാക്ക സന്ദർശിച്ച ശേഷമാണ് ഫായിസ് ഈ കവിത എഴുതിയത്.

മതചിഹ്നങ്ങളാൽ അലങ്കരിച്ച ഒഴിഞ്ഞ കസേര കാണിക്കുന്ന അജിത് നൈനന്റെ കാർട്ടൂൺ, ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് എടുത്തതാണ്. “നിയുക്ത മുഖ്യമന്ത്രിക്ക് തന്റെ മതേതര യോഗ്യത തെളിയിക്കാനുള്ളതാണ് ഈ കസേര… ധാരാളം കുലുക്കമുണ്ടാകും!” എന്ന അടികുറിപ്പിനോട് ഒപ്പമാണ് കാർട്ടൂൺ.

2005 ൽ ദേശീയ പാഠ്യപദ്ധതി പരിഷ്കരണത്തെ തുടർന്ന് കൽക്കട്ട സർവകലാശാല ചരിത്രവിഭാഗത്തിലെ അധ്യാപകൻ അന്തരിച്ച പ്രൊഫ.ഹരി വാസുദേവൻ അധ്യക്ഷനായ സമിതിയാണ് പാഠപുസ്തകം വികസിപ്പിച്ചത്.

വംശത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ലോകമെമ്പാടും നിലനിൽക്കുന്ന സാമൂഹിക വിഭജനങ്ങളും അസമത്വങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന “ജനാധിപത്യവും വൈവിധ്യവും” എന്ന അധ്യായവും നേപ്പാളിലെയും ബൊളീവിയയിലെയും “ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും” പരിചയപ്പെടുത്തുന്ന ഭാഗവും; കൂടാതെ, “ജനാധിപത്യത്തോടുള്ള വെല്ലുവിളികൾ” എന്ന ഭാഗവും പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ, 11-ാം ക്ലാസിലെ ഹിസ്റ്ററി സിലബസിൽ “സെൻട്രൽ ഇസ്ലാമിക് ലാൻഡ്സ്” എന്ന ഒരു അധ്യായവും കാണുന്നില്ല. 2021-22 ലെ പാഠ്യപദ്ധതി പ്രകാരം ആഫ്രോ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ഉദയവും സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ ഭാഗം.

10-ാം ക്ലാസ് പാഠ്യപദ്ധതിയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഒരു അധ്യായത്തിൽ നിന്ന് “കാർഷികത്തിൽ ആഗോളവൽക്കരണത്തിന്റെ ആഘാതം” എന്നതും ഒഴിവാക്കിയിട്ടുണ്ട്. 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽ നിന്ന് “ശീതയുദ്ധ കാലഘട്ടവും ചേരിചേരാ പ്രസ്ഥാനവും” എന്ന അധ്യായവും ഒഴിവാക്കി.

ഇവ കൂടാതെ, മാറ്റമാറ്റിക്കൽ റിസണിങ് സംബന്ധിച്ച ഒരു യൂണിറ്റും 11-ാം ക്ലാസ് പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോമ്പോസിറ്റ് ഫംഗ്‌ഷനുകൾ, ഒരു ഫംഗ്‌ഷന്റെ വിപരീതം, വിപരീത ത്രികോണമിതി ഫംഗ്‌ഷനുകളുടെ എലിമെന്ററി പ്രോപ്പർട്ടികൾ, ലീനിയർ പ്രോഗ്രാമിംഗ് പ്രശ്‌നങ്ങളുടെ ഗണിത രൂപീകരണം, ബൈനോമിയൽ പ്രോബബിലിറ്റി ഡിസ്ട്രിബ്യൂഷൻ എന്നിവയും ഒഴിവാക്കിയിരിക്കുന്നു.

സിലബസ് യുക്തിസഹമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി, 11-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ വിദ്യാർത്ഥികളെ വിലയിരുത്തുമ്പോൾ പരിഗണിക്കില്ലെന്ന് സിബിഎസ്ഇ പ്രഖ്യാപിച്ചത് വലിയ വിവാദത്തിന് കാരണമായിയിരുന്നു.

രാഷ്ട്രീയ വിരുദ്ധ ഉള്ളടക്കമെന്ന രോഷമുയർന്ന് വന്നതിനെ തുടർന്ന് 2012-ൽ, 9, 10, 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് ആറ് കാർട്ടൂണുകൾ ഉപേക്ഷിക്കാൻ എൻസിആർടി സമ്മതിച്ചിരുന്നു. 2018-ൽ, കാർട്ടൂണുകൾക്ക് താഴെയുള്ള അടിക്കുറിപ്പുകൾ മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എൻസിആർടി ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Faiz verses excluded from class 10 textbook in latest cbse tweak

Best of Express