“എനിക്കുണ്ടായ മുറിവുകള്‍ ഇല്ലാതാക്കൂ, ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള എന്റെ അവകാശം എനിക്ക് തിരികെ തരൂ..”
“പറയാന്‍ വാക്കുകളില്ല, ഇപ്പോഴും ഒരു മരവിപ്പാണ്..”
തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകളെ ഉള്‍പ്പെടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ക്ക് മോചനം ലഭിച്ചതിന് ശേഷം മൗനം വെടിഞ്ഞുകൊണ്ട് ബില്‍ക്കിസ് ബാനോ പറഞ്ഞു.
“ഇന്ന്, എനിക്ക് ഇത് മാത്രമേ പറയാൻ സാധിക്കുകയുള്ളു, ഒരു സ്ത്രീയ്ക്ക് ലഭിക്കേണ്ട നീതി എങ്ങനെ ഇപ്രകാരമായി തീരും. നമ്മുടെ നാട്ടിലെ പരമോന്നത കോടതികളിൽ ഞാൻ വിശ്വസിച്ചു. ഞാൻ സിസ്റ്റത്തെ വിശ്വസിച്ചു. ഉണ്ടായ ആഘാതത്തിനൊപ്പം ജീവിക്കാന്‍ ഞാന്‍ ശീലിച്ചു തുടങ്ങുകയായിരുന്നു. ഈ കുറ്റവാളികളുടെ മോചനം എന്നിലുണ്ടായിരുന്ന സമാധാനത്തിന്റെ കണികകളെ ഇല്ലാതാക്കി, നീതിയിലുള്ള എന്റെ വിശ്വാസത്തെ അത് പിടിച്ചുകുലുക്കിയിരിക്കുന്നു,” തന്റെ അഭിഭാഷകയായ ശോഭ ഗുപ്ത പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ ബിൽക്കിസ് പറഞ്ഞു.
കലാപസമയത്ത് അവൾ വിട്ടുപോയ ദാഹോദിലെ സിംഗ്വാദിലെ ബിൽക്കിസിന്റെ ഗ്രാമത്തിൽ, 11 പ്രതികളും എത്തിയപ്പോള്‍ അതിഥികളുടെ പ്രവാഹമായിരുന്നു. അവരില്‍ ഭൂരിഭാഗം പേരും ബില്‍ക്കിസിന്റെ അയല്‍വാസികളായിരുന്നു. 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മടങ്ങി എത്തിയവരുടെ ആഘോഷങ്ങള്‍ അവളെ നിശബ്ദമാക്കുകയായിരുന്നു.
ഭർത്താവ് യാക്കൂബ് റസൂലിനൊപ്പം ബിൽക്കിസ് താമസിച്ചിരുന്ന വീട്, 11 കുറ്റവാളികളിൽ ഒരാളായ “ലാലാ വക്കീൽ” എന്നറിയപ്പെടുന്ന രാധശ്യാം ഷായുടെ വസതിയിൽ നിന്ന് 20 മീറ്റർ അകലെയാണ്. ഗുജറാത്ത് സർക്കാർ തങ്ങളുടെ മോചന അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതും അഭിഭാഷകന് കൂടിയായ രാധശ്യാമാണ്.
ബിൽക്കിസും കുടുംബവും ഏകദേശം 33 കിലോമീറ്റർ അകലെയുള്ള ദേവഗഡ് ബാരിയയിലേക്ക് താമസം മാറിയതിന് ശേഷം, അവരുടെ പഴയ വീട് ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള കുടുംബം വസ്ത്രശാലയായി ഉപയോഗിക്കുകയാണ്. എരുമയുടെ പാല് വിറ്റായിരുന്നു ബില്‍ക്കിസിന്റെ പിതാവ് കുടുംബത്തിന് വേണ്ടിയുള്ള വരുമാനം കണ്ടെത്തിയിരുന്നത്. എന്നാല്‍ അതിന്റെ ഒരു തെളിവും ഇന്ന് അവശേഷിക്കുന്നില്ല.
ഗോധ്രയിൽ ട്രെയിൻ കത്തിച്ച സംഭവത്തിന് തൊട്ടുപിന്നാലെ 2022 ഫെബ്രുവരി 28 നായിരുന്നു ബില്‍ക്കിസും കുടുംബവും അവരുടെ വീട് വിട്ടിറങ്ങിയത്. 2002 മാര്‍ച്ച് മൂന്നിന് ബില്‍ക്കിസ് കൂട്ടബലാത്സംഗത്തിന് ഇരയാകുകയും കുടുംബത്തിലെ 11 പേര് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു, ഇതില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ ഇന്നും കണ്ടെത്താനായിട്ടില്ല. ദാഹോദിലെ ലിംഖേഡ താലൂക്കിൽ വച്ചായിരുന്നു സംഭവം. 2008 ജനുവരി 21 ന് സിബിഐ പ്രത്യേക കോടതി 11 കുറ്റവാളികളേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
“രണ്ട് ദിവസം മുമ്പ്, 2022 ഓഗസ്റ്റ് 15 ന്, കഴിഞ്ഞ 20 വര്‍ഷമായി ഉള്ളിലുണ്ടായിരുന്നു ആഘാതം വീണ്ടും എന്നെ അലട്ടി. എന്റെ കുടുംബത്തെയും എന്റെ ജീവിതത്തെയും തകർത്ത്, മൂന്ന് വയസുള്ള എന്റെ മകളെ എന്നിൽ നിന്ന് തട്ടിയെടുത്ത 11 കുറ്റവാളികൾ സ്വതന്ത്രരായി എന്ന് കേട്ടപ്പോള്‍ എനിക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു, ഞാന്‍ ഇപ്പോഴും തളര്‍ന്നിരിക്കുകയാണ്,” ബില്‍ക്കിസ് പറഞ്ഞു.
“എന്റെ സങ്കടവും എന്റെ വിശ്വാസവും എനിക്ക് വേണ്ടി മാത്രമല്ല, കോടതികളിൽ നീതിക്കായി പോരാടുന്ന ഓരോ സ്ത്രീക്കും വേണ്ടിയാണ്. ഇത്രയും അന്യായവുമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് അന്വേഷിച്ചില്ല. ഞാൻ ഗുജറാത്ത് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനുള്ള എന്റെ അവകാശം തിരികെ തരൂ. ഞാനും എന്റെ കുടുംബവും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക,” അവർ കൂട്ടിച്ചേര്‍ത്തു.
സിങ്വാദിൽ, ബിൽക്കിസിന്റെ പഴയ വീടിന് ചുറ്റുമുള്ള പ്രദേശത്താണ് കുറ്റവാളികളുടെ മിക്ക വീടുകളും സ്ഥിതി ചെയ്യുന്നത്. രാധേഷ്യാം ഷായുടെ വീട്ടിൽ നിരവധി പേരാണ് എത്തിയത്. ജയിലിൽ കിടന്നപ്പോൾ പൂർത്തിയാക്കിയ വിവിധ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളും തന്നെക്കുറിച്ചുള്ള പത്രവാർത്തകളും അദ്ദേഹം അവരെ കാണിച്ചു. “വിദ്യാഭ്യാസവും ആത്മീയതയും മൂല്യം”, “കമ്പ്യൂട്ടർ അടിസ്ഥാനകാര്യങ്ങൾ”, “ഹിന്ദി സാഹിത്യം” എന്നീ വിഷയങ്ങളിലാണ് രാധേഷ്യാം പ്രവീണ്യം നേടിയത്.

ജസ്വന്ത് നായി, ഗോവിന്ദ് നായ്, കേസർ വോഹാനിയ, ബക്ക വോഹാനിയ, രാജു സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട്, ബിപിൻ ജോഷി, പ്രദീപ് മോഡിയ, മിതേഷ് ഭട്ട് എന്നിവരാണ് ഷായ്ക്കൊപ്പം വിട്ടയച്ച മറ്റ് പ്രതികൾ. മറ്റൊരു പ്രതിയായ നരേഷ് മോഡിയ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.