മുംബെെ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും. ശിവാജി പാർക്കിൽ വൈകിട്ട് 6.45നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഫഡ്നാവിസിനൊപ്പം സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും ചടങ്ങിൽ പങ്കെടുക്കും.  ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി മന്ത്രിസഭയാണ് മഹാരാഷ്ട്രയിൽ അധികാരമേൽക്കുന്നത്.

പൊതു മിനിമം പരിപാടിയിലൂന്നിയാണ് ത്രികക്ഷി സർക്കാർ മുന്നോട്ടുപോകുകയെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. ഭരണഘടനയിലെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു. സംസ്ഥാനത്തെ കർഷകരുടെ പ്രശ്‌നങ്ങളിലും ആരോഗ്യമേഖലയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നു.

Read Also: IFFI 2019: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍

ശിവസേനയ്ക്ക് മുഖ്യമന്ത്രിയും എൻസിപിക്ക് ഉപമുഖ്യമന്ത്രിയും ഉൾപ്പടെ 15 മന്ത്രിസ്ഥാനം വീതവും കോൺഗ്രസിന് 13 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. എന്നാൽ മൂന്നുപാർട്ടികളിൽനിന്നും ആരൊക്കെയാണ് മന്ത്രിമാരാവുകയെന്ന്‌ വ്യക്തമായിട്ടില്ല. കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ സ്പീക്കറായേക്കും.

മുഖ്യമന്ത്രിയടക്കം 11 കാബിനറ്റ് മന്ത്രിസ്ഥാനവും നാല് സഹമന്ത്രിസ്ഥാനവുമാണ് ശിവസേനയ്ക്ക് ലഭിക്കുക. ഉപമുഖ്യമന്ത്രിയും 11 കാബിനറ്റ് മന്ത്രിസ്ഥാനവും  മൂന്ന് സഹമന്ത്രിസ്ഥാനവും എൻസിപിക്ക് ലഭിക്കും. കോൺഗ്രസിന് 10 കാബിനറ്റ് റാങ്കും സ്പീക്കർ പദവിയും നൽകാനാണ് ധാരണയായിരിക്കുന്നത്. അജിത് പവാറിന് എൻസിപി ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയേക്കുമെന്നും സൂചനയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook