സർക്കാരിനെതിരായ വ്യാജവാർത്തകൾ കണ്ടെത്താനുള്ള ഫാക്റ്റ് ചെക്ക് (വസ്തുത പരിശോധന) യൂണിറ്റിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ കേന്ദ്ര സർക്കാർ. ഇൻഫർമേഷൻ ടെക്നോളജി റൂൾസ്, 2021ൽ നിർദേശിച്ചിരിക്കുന്ന ഫാക്റ്റ് ചെക്ക് യൂണിറ്റിൽ നാല് അംഗങ്ങൾക്കാണ് സാധ്യത. ഐടി മന്ത്രാലയം, സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം എന്നിവയിൽനിന്നു ഓരോ പ്രതിനിധികൾ, ഒരു “മാധ്യമ വിദഗ്ധനും, നിയമ വിദഗ്ധനും” ഉൾപ്പെടുന്നു.
ഫാക്ട് ചെക്ക് യൂണിറ്റിലെ വൈദഗ്ധ്യത്തിന്റെ അഭാവത്തെക്കുറിച്ചുള്ള വിമർശകരിൽ നിന്നുള്ള ആശങ്കകൾ ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. “മറ്റ് മന്ത്രാലയങ്ങളിൽ നിന്നുള്ള നോഡൽ ഓഫീസർമാരും യൂണിറ്റിനെ പിന്തുണയ്ക്കും,” ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫാക്‌ട് ചെക്ക് യൂണിറ്റിന്റെയും മെറ്റാ, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളുമായുള്ള അതിന്റെ ഇന്റർപ്ലേയുടെയും രൂപരേഖ അന്തിമമാക്കുന്ന ഘട്ടത്തിലേക്ക് എത്തിയതായി ഉദ്യോഗസ്ഥൻ പറയുന്നു. ഏകദേശം പത്ത് ദിവസത്തിനുള്ളിൽ ഫാക്റ്റ് ചെക്ക് യൂണിറ്റിന്റെ അനുബന്ധ വിശദാംശങ്ങൾ അറിയിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
യൂണിറ്റിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്യുന്ന വാർത്തകൾ മറ്റൊരു പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാനും അങ്ങനെ സർക്കാർ കമ്മിറ്റിയിൽ അപ്പീൽ പ്രോസസ് ചെയ്യാൻ സാധിക്കുകയും ചെയ്യും. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പൊതുഡാറ്റാബേസിലും നൽകാൻ ശ്രമിക്കുന്നതായി ഇന്ത്യൻ എക്സപ്രസ് മനസ്സിലാക്കുന്നു.
കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തിരിച്ചറിയുന്നതിനും വിവിധ മന്ത്രാലയങ്ങളിൽനിന്നും വകുപ്പുകളിൽനിന്നും തെളിവുകൾ സ്ഥിരീകരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും സ്വമേധയാ അധികാരം നൽകുന്നതും ഉൾപ്പെടെയുള്ള എഫ്‌സിയു പിന്തുടരുന്ന വിശാലമായ തലത്തിലുള്ള പ്രക്രിയകൾക്ക് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY) അന്തിമരൂപം നൽകിയതായി മനസ്സിലാക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം 2021ലെ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങളിലെ ഭേദഗതികൾ വിജ്ഞാപനം ചെയ്തത്. ഇത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഓൺലൈനിൽ എത്തുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കാൻ ഒരു വസ്തുതാ പരിശോധനാ സംവിധാനത്തെ നിയമിക്കാൻ മന്ത്രാലയത്തെ അനുവദിച്ചു. തങ്ങളുടെ പ്ലാറ്റ്ഫോമുകൾ സുരക്ഷിതമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ കമ്മിറ്റി അടയാളപ്പെടുത്തുന്ന ഉള്ളടക്കം ഓൺലൈൻ ഇന്റർമീഡിയറികൾ നീക്കം ചെയ്യേണ്ടിവരും. അല്ലെങ്കിൽ, മൂന്നാം കക്ഷിയെന്ന നിലയിൽ ആ ഉള്ളടക്കവുമായി ബന്ധപ്പെട്ട് അവർക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷയെ ഇത് ബാധിച്ചേക്കാം.
ഈ നിയമങ്ങൾ പല തലങ്ങളിലിൽനിന്നും വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. കോൺഗ്രസ്, ടിഎംസി, ആർജെഡി, സിപിഐ (എം) എന്നിവയുൾപ്പെടെ മറ്റ് നിരവധി പ്രതിപക്ഷ പാർട്ടികളും സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതുപോലെ ഡിജിറ്റൽ അവകാശ പ്രവർത്തകരും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പോലുള്ള പ്രസ് അസോസിയേഷനുകളും പുതിയ ചട്ടങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
നിയമങ്ങൾ ഇതിനകം തന്നെ ഒരു നിയമപരമായ വെല്ലുവിളി നേരിട്ടിട്ടുണ്ട്. ഹാസ്യനടൻ കുനാൽ കമ്ര അതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എഫ്‌സിയു സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം ഉണ്ടാകുമെന്നും അതിനാൽ ഹർജി പരിശോധിക്കാൻ അടിയന്തര സാഹചര്യമില്ലെന്നും, കേസിൽ കേന്ദ്രത്തിന്റെ അഭിഭാഷകൻ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയെ അറിയിച്ചു. കേസിൽ അടുത്ത വാദം ഏപ്രിൽ 21ന് നടക്കും.
എഫ്‌സിയുവിന് സ്വന്തമായി ഒരു വെബ്‌സൈറ്റ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ അത് വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് തിരിച്ചറിഞ്ഞ ഉള്ളടക്കത്തിന്റെ ഭാഗങ്ങളിലേക്കുള്ള ലിങ്കുകൾ പ്രസിദ്ധീകരിക്കും.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 79 പ്രകാരം അവർക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷ തടസ്സപ്പെടാതിരിക്കാൻ ഓൺലൈൻ ഇന്റർമീഡിയറികളായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും എയർടെൽ, ജിയോ, വിഐ പോലുള്ള ഇന്റർനെറ്റ് സേവന ദാതാക്കളും അത്തരം ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
അപ്പീൽ സംവിധാനം ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. എഫ്‌സിയുവിന്റെ വിവരങ്ങൾക്കു ശേഷം പ്ലാറ്റ്‌ഫോമുകൾ ഉള്ളടക്കം നീക്കം ചെയ്‌തേക്കാവുന്ന ആളുകൾക്ക് മറ്റ് മാർഗങ്ങളില്ലാതെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ കോടതിയെ സമീപിക്കേണ്ടിവരുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ.
കേന്ദ്രം ഈ വർഷം ആദ്യം രൂപീകരിച്ച സർക്കാർ നിയോഗിച്ച മൂന്ന് അപ്പീൽ കമ്മിറ്റികളിൽ ഒന്നിൽ കക്ഷികൾക്ക് സഹായം തേടാൻ കഴിയുമോ എന്നതിനെക്കുറിച്ച്, യൂണിറ്റിന്റെ അന്തിമവിജ്ഞാപനത്തോടെ വ്യക്തത ലഭിക്കും. എഫ്‌സിയു വ്യാജമോ തെറ്റോ എന്ന് തിരിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരുടെ നടപടിയിൽ എതിരഭിപ്രായമുള്ള ഏതൊരു വ്യക്തിക്കും ഐടി നിയമങ്ങൾ അനുസരിച്ച് അപ്പീലിൽ നൽകാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.