മധ്യ ഏഷ്യ കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ്. കഴിഞ്ഞ ദിവസം കുവൈത്തിൽ രേഖപ്പെടുത്തിയെന്ന് പറയപ്പെടുന്നത് 63 ഡിഗ്രി സെൽഷ്യസാണ്. എക്കാലത്തേയും റെക്കോർഡ് തിരുത്തുന്ന കണക്കാണ് ഇത്. എന്നാൽ ഈ കണക്ക് എത്രത്തോളം ശരിയാണെന്ന കാര്യവും അതിന്റെ വിശ്വാസിയതയും പരിശോധിക്കണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അൽ ഖബ്ബാസ് പത്രത്തിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണ് അടുത്ത ലക്ഷ്യം.
ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കാലിഫോർണിയയിലെ ഡെത്ത് വാലിയിലാണ്. 1913 ജൂലൈ 10ന് 56.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഡെത്ത് വാലിയിലെ താപനില. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വിഭാഗമായ വേൾഡ് മെറ്റിയോറളജിക്കൽ ഓർഗനൈസേഷൻ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കാറുണ്ട്. വ്യാജ റിപ്പോർട്ടുകൾ തള്ളാറുമുണ്ട്. അത്തരത്തിൽ ലിബിയയിലെ എൽ അസിസിയായിൽ രേഖപ്പെടുത്തിയെന്ന് പറയപ്പെടുന്ന 58 ഡിഗ്രി സെൽഷ്യസ് വ്യാജമാണെന്ന് സംഘടന കണ്ടെത്തിയിരുന്നു. 1922 സെപ്റ്റംബർ 23ന് ഈ പ്രദേശത്ത് 58 രേഖപ്പെടുത്തിയിരുന്നെന്നാണ് കണക്ക്. സംഘടന നടത്തിയ വിശദമായ പരിശോധനയിൽ 2011ലാണ് ഇതി വ്യാജമാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ 2012ൽ വേൾഡ് മെറ്റിയോറളജിക്കൽ ഓർഗനൈസേഷൻ കാലിഫോർണിയയിലെ ഡെത്ത് വാലിയിൽ 1913 ജൂലൈ 10ന് രേഖപ്പെടുത്തിയ 56.7 ഡിഗ്രി സെൽഷ്യസ് എക്കാലത്തെയും ഉയർന്ന താപനിലയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ കുവൈറ്റിൽ തന്നെ 2016 ജൂലൈ 21 ന് രേഖപ്പെടുത്തി എന്ന് പറയപ്പെടുന്ന 54 ഡിഗ്രി സെൽഷ്യസും പാക്കിസ്ഥാനിലെ തുർബത്തിൽ 2017 മേയ് മാസം രേഖപ്പെടുത്തി 54 ഡിഗ്രി സെൽഷ്യസും വേൾഡ് മെറ്റിയോറളജിക്കൽ ഓർഗനൈസേഷൻ സംഘം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ 63 ഡിഗ്രിയുടെ പുതിയ കണക്ക്. ഏഷ്യയിലെ ഏറ്റവും ഉയർന്ന താപനില എവിടെയാണ് രേഖപ്പെടുത്തിയതെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയഞ്ഞന്ന താപനില 51 ഡിഗ്രി സെൽഷ്യസാണ്. 2016 മേയ് 19ന് രാജസ്ഥാനിലെ ഫലോഡിയിലാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇത് ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്മെന്റും വേൾഡ് മെറ്റിയോറളജിക്കൽ ഓർഗനൈസേഷനും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.