scorecardresearch

അഗ്നിപഥ് പ്രതിഷേധം വിനയായി, അലിഗഡിലെ കോച്ചിങ് സെന്ററുകൾ അടച്ചു

ഡൽഹിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള തപ്പാലിലും പരിസരത്തുമുള്ള എല്ലാ കേന്ദ്രങ്ങളും അടച്ചു.

coaching centre, Aligarh, ie malayalam

അലിഗഡ്: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായുണ്ടായ പ്രതിഷേധത്തിനുപിന്നാലെ അലിഗഡിലെ കോച്ചിങ് സെന്ററുകൾ അടച്ചു. സൂക്ഷ്മപരിശോധന നടത്താനുള്ള നീക്കത്തിനുപിന്നാലെയാണ് നിരവധി കോച്ചിങ് സെന്ററുകൾ അടച്ചത്. ബുധനാഴ്ച, ഡൽഹിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള തപ്പാലിലും പരിസരത്തുമുള്ള എല്ലാ കേന്ദ്രങ്ങളും അടച്ചു.

അക്രമവുമായി ബന്ധപ്പെട്ട് അവിടെയുള്ള ഏറ്റവും വലിയ കോച്ചിങ് സെന്ററായ യങ് ഇന്ത്യ കോച്ചിങ് സെന്ററിന്റെ ഉടമ സുധീർ ശർമ്മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അലിഗഡ് ജില്ലയിൽനിന്നും 76 പേരെ അറസ്റ്റ് ചെയ്യുകയും 68 പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 11 പേർ കോച്ചിങ് സെന്റർ നടത്തിപ്പുകാരാണ്. അറസ്റ്റിലായ കോച്ചിങ് സെന്റർ നടത്തിപ്പുകാരിൽ കൂടുതൽ താപ്പൽ പ്രദേശത്തുനിന്നുള്ളവരാണ്.

യങ് ഇന്ത്യ കോച്ചിങ് സെന്റർ നിരവധി പരീക്ഷകൾക്കും സേവനങ്ങൾക്കുമായി പരിശീലനം നൽകുന്നു: ആർമി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ, യുപി സബ് ഇൻസ്പെക്ടർ, യുപി പോലീസ് കോൺസ്റ്റബിൾ, നാഷണൽ ഡിഫൻസ് അക്കാദമി, എയർഫോഴ്സ്, യുപി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് തുടങ്ങിയവ. പ്രദേശത്തെ ചെറിയ കേന്ദ്രങ്ങൾ പോലീസ് സേവനങ്ങൾക്കുള്ള പരിശീലനം നൽകുന്നുണ്ട്. പ്രദേശത്തെ രജിസ്റ്റർ ചെയ്യാത്ത കോച്ചിങ് സെന്ററുകളെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്പി (റൂറൽ) പലാഷ് ബൻസാൽ പറഞ്ഞു.

പ്രദേശത്ത് നിന്നുള്ള വലിയൊരു വിഭാഗം യുവാക്കൾ സായുധ സേനയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. പലരും ഇതിനായ് ഈ കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്തി. സെൻട്രൽ ടീച്ചർ കോച്ചിങ് എലിജിബിലിറ്റി ടെസ്റ്റിനായ് താൻ കോച്ചിങ് സെന്ററിൽ പോയിരുന്നതായി ഇരുപത്തിയേഴുകാരനായ ഹരീന്ദർ സിങ് പറഞ്ഞു. തപ്പാലിനും സമീപ നഗരമായ ജട്ടാരിക്കും ഇടയിൽ 11 കോച്ചിങ് സെന്ററുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

”അവയെല്ലാം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ ചേരുന്ന ആൺകുട്ടികളിൽ ഭൂരിഭാഗവും കൻസേര, ജികർപൂർ, ജഹാൻ ഗഡ്, ഹെതൽപൂർ തുടങ്ങിയ സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്, അതിൽ ധാരാളം ആൺകുട്ടികൾ സൈന്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്, ”അദ്ദേഹം പറഞ്ഞു.

തപ്പാൽ നിവാസിയായ ഇരുപത്തിമൂന്നുകാരൻ ഇഗ്ലാസിലെ ഒരു കോച്ചിങ് സെന്ററിൽ കഴിഞ്ഞ രണ്ട് വർഷമായി പഠിക്കുന്നുണ്ട്. ഇതുവരെ ഒരു ലക്ഷത്തോളം രൂപ പരിശീലനത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം കണക്കാക്കുന്നത്.

18 വയസ്സ് മുതൽ ഞാൻ തയ്യാറെടുക്കുന്നു, 2020-ൽ ഞാൻ ഫിസിക്കൽ ടെസ്റ്റ് പാസായി. അതിനുശേഷം, ഓരോ തവണയും ആർമി പരീക്ഷയുടെ തീയതി പ്രഖ്യാപിക്കുമ്പോൾ, ഞാൻ കോച്ചിങ് സെന്ററിൽ ചേരും, അവിടെ രണ്ട് മാസത്തേക്ക് ഏകദേശം 20,000-25,000 രൂപയാണ് ഫീസ്. ഭക്ഷണവും താമസവും ഉൾപ്പെടെയാണ് പരിശീലനം. ഓരോ തവണയും പരീക്ഷ നടക്കില്ല. ഇപ്പോൾ അതും പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടി,” അദ്ദേഹം പറഞ്ഞു.

അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനത്തിൽ അദ്ദേഹം അതൃപ്തനാണ്, എങ്കിലും അതിൽ ചേരും. “ഞാൻ വളരെയധികം സമയവും പണവും പരിശീലനത്തിനായ് ചെലവഴിച്ചു, എനിക്ക് ജോലി വേണം, ”അദ്ദേഹം പറഞ്ഞു. സമീപ ജില്ലയായ ഗൗതം ബുദ്ധ നഗറിലുള്ള ജെവാറിൽ പോലും അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്ന് ഒരാഴ്ചയോളം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

”ജവാറിൽ ഇത്തരത്തിലുള്ള എട്ടോളം കേന്ദ്രങ്ങളുണ്ട്. ജൂൺ 17 മുതൽ അവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. എപ്പോൾ വീണ്ടും തുറക്കാനാകുമെന്ന് അറിയില്ല. സെന്റർ അടച്ചിടാനാണ് അധികാരികളിൽനിന്നുള്ള നിർദേശം,” ഒരു കോച്ചിങ് സെന്ററിന്റെ ഉടമ പറഞ്ഞു.

Read More: സർക്കാർ വകുപ്പുകളിലും തസ്തികകളിലും വിമുക്തഭടന്മാരെ നിയമിക്കുന്നതിൽ വലിയ കുറവെന്ന് കണക്കുകൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Facing scrutiny after agnipath protests coaching centres shut in town in aligarh

Best of Express