വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഫെയ്സ്ബുക്ക്. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ നല്‍കുമെന്നും മേധാവികള്‍ അറിയിച്ചു. ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം.

“സർക്കാരിന്റെയും ആരോഗ്യ വിദഗ്ധരുടെയും മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാര്യങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ആഭ്യന്തര ചർച്ചകളിൽനിന്ന് എടുത്ത തീരുമാനമാണിത്. 2021 ജൂലൈ വരെ സ്വന്തം വീട്ടിൽനിന്ന് ജോലി തുടരാൻ ഞങ്ങൾ ജീവനക്കാരെ അനുവദിക്കുന്നു,” ഫെയ്സ്ബുക്ക് വക്താവ് വ്യക്തമാക്കി.

അതേസമയം, വൈറസ് വ്യാപനം കുറയുന്ന മുറയ്ക്ക് കുറവ് ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസുകള്‍ തുറക്കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിട്ടുണ്ട്. സർക്കാർ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകും ഓഫീസുകള്‍ തുറക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

Read More: പുതിയ കോവിഡ് കേസുകൾ 60,000 കടന്നു; രോഗവ്യാപനത്തിനു ശമനമില്ല

അടുത്തിടെ സമാനമായ നടപടികൾ കൈക്കൊണ്ട മറ്റു വൻകിട സാങ്കേതിക സ്ഥാപനങ്ങളുടെ നയം പിന്തുടരുകയാണ് ഫെയ്സ്ബുക്കും. 2021 ജൂൺ വരെ ജീവനക്കാർക്ക് വീടുകളിൽ ഇരുന്ന ജോലി ചെയ്യാമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനി ആൽഫബെറ്റും അറിയിച്ചിരുന്നു. ജീവനക്കാർക്ക് എത്ര നാൾ വേണമെങ്കിലും വീട്ടിലിരുന്ന ജോലി ചെയ്യാമെന്ന നിലപാടിലാണ് ട്വിറ്റർ.

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഇന്ത്യയിലെ കോവിഡ് ഇതോടകം ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 62,538 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,27,075 ആയി.

ഇതില്‍ 6,07,384 എണ്ണം ആക്ടീവ് കേസുകളാണ്. 13,78,106 പേര്‍ രോഗമുക്തി നേടി. ഇതുവരെ 41,585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍. 67 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 2.05 ആണ് മരണനിരക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook