/indian-express-malayalam/media/media_files/uploads/2018/11/facebook-bloomberg-7591.jpg)
വിദ്വേഷ പരാമർശങ്ങൾക്കെതിരായ നിയമങ്ങൾ ചില ബിജെപി നേതാക്കൾക്ക് എതിരേ പ്രയോഗിക്കുന്നതിനെ ഫെയ്സ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥർ എതിർത്തുവെന്ന് വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിശദീകരണവുമായി ഫെയ്സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹൻ. ഫെയ്സ്ബുക്ക് ഒരു പക്ഷപാത രഹിതമായ പ്ലാറ്റ്ഫോമാണെന്നും അതിന്റെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഇന്ത്യയിലെ പൊതുസമൂഹത്തിലെ പ്രധാനികളുടെ ഉൾപ്പടെ പോസ്റ്റുകൾ നീക്കം ചെയ്യുമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.
”ആളുകൾക്ക് സ്വതന്ത്രമായി ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു തുറന്നതും സുതാര്യവും പക്ഷപാതപരമല്ലാത്തതുമായ പ്ലാറ്റ്ഫോമാണ് ഫെയ്സ്ബുക്ക്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഞങ്ങളുടെ നയങ്ങൾ നടപ്പിലാക്കുന്ന രീതി പക്ഷപാതപരമാണെന്ന് ആരോപിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഞങ്ങൾ ഗൗരവമായി തന്നെ കാണുന്നു, വിദ്വേഷത്തെയും വർഗീയതയെയും അപലപിക്കുന്നുവെന്ന് വ്യക്തമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” അജിത് മോഹൻ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡബ്ല്യുഎസ്ജെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്സിക്യൂട്ടിവ്, ബിജെപിയുമായി ബന്ധമുള്ള കുറഞ്ഞത് നാല് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എതിരേ വിദ്വേഷ പ്രചാരണ നിയമങ്ങൾ പ്രയോഗിക്കുന്നതിനെ എതിർത്തുവെന്ന് ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: ഫെയ്സ്ബുക്ക് അധികൃതർ തരൂരിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുൻപാകെ സെപ്റ്റംബർ രണ്ടിന് ഹാജരാവണം
ബിജെപിയുമായി ബന്ധപ്പെട്ടതും, ഹിംസാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ അത്തരം കാര്യങ്ങളിൽ പങ്കാളിയാവുന്നതോ ആയ തരത്തിൽ ഫ്ലാഗ് ചെയ്തതും ആയ ചുരുങ്ങിയത് നാല് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അക്കൗണ്ടുകളുടെ കാര്യത്തിലാണ് വിദ്വേഷ പ്രചാരണത്തിനെതിരായ നിയമം ഉപയോഗിക്കുന്നതിനെ കമ്പനി എതിർത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബിജെപി നേതാക്കൾക്കെതിരേ “നിയമലംഘനങ്ങൾക്ക് നടപടിയെടുക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും, ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ ആഗോള വിപണിയാണിത്,” എന്ന് ഫെയ്സ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അൻകി ദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായി ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് അധികൃതർ സെപ്റ്റംബർ രണ്ടിന് പാർലമെന്ററി സമിതിക്ക് മുൻപാകെ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുൻപാകെയാണ് ഫെയ്സ്ബുക്ക് അധികൃതർ ഹാജരാവേണ്ടത്. ഇക്കാര്യം സമിതി ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.